National
മനുഭാക്കറിന് ഖേല്‍ രത്ന നിഷേധിച്ച സംഭവം: കേന്ദ്ര കായിക മന്ത്രി ഇടപ്പെട്ടു; നാളെ തീരുമാനം
താരത്തിന്റെ പിതാവ് രാം ഭാക്കര്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍.
ന്യൂഡല്‍ഹി| രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും 2020-ലെ അര്‍ജുന അവാര്‍ഡ് ജേതാവുമായ മനു ഭാക്കറിന് നിഷേധിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രശ്നത്തില്‍ ഇടപ്പെട്ടു. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗ കമ്മിറ്റി വെച്ച ശിപാര്‍ശയുടെ വിശദാംശങ്ങള്‍ മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നാളെ മന്ത്രി തീരുമാനമെടുക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് സിങ്, പാരാലിമ്പിക്സില്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് ഖേല്‍ രത്ന ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വന്നതോടെയാണ് വിവാദം ആരംഭിച്ചത്.
2024ലെ പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22കാരി മനു ഭാക്കറിനെ പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്നലെ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. താരത്തിന്റെ പിതാവ് രാം ഭാക്കര്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍.
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങുമായി ചേര്‍ന്നായിരുന്നു മെഡല്‍ നേട്ടങ്ങള്‍. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമാണ് മനു ഭാക്കര്‍.
2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു മനു ഭാക്കറിന്റേത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയാണ് മനു ഭാക്കര്‍. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സ്വര്‍ണം നേടിയ താരവുമായി.