Connect with us

Health

കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മ്മാതാക്കള്‍

അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സീന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.

Published

|

Last Updated

ലണ്ടന്‍| കൊവിഡ്  വാക്‌സീന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സീന്‍ നിര്‍മാതാക്കള്‍. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സീന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്സീന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്.

വാക്‌സീന്‍ സ്വീകരിച്ച നിരവധി പേര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെതുടര്‍ന്ന് യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണങ്ങള്‍ക്കും വാക്‌സീന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ ഹൈകോടതിയില്‍ ആളുകള്‍ കേസ് ഫയല്‍ ചെയ്തത്. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സീന്‍ എടുത്ത ശേഷം മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമ നടപടിക്ക് തുടക്കം കുറിച്ചത്. വാക്സീന്‍ സ്വീകരിച്ച ശേഷം തന്റെ രക്തം കട്ടപിടിച്ചുവെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജെയ്മി നിയമനടപടി ആരംഭിച്ചത്. ആകെ  51 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരന്റെ ആരോപണങ്ങളെ ആസ്ട്രസെനെക ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കോവിഷീല്‍ഡ് അപൂര്‍വം കേസുകളില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ഇടയാക്കുമെന്ന് സമ്മതിക്കുന്നുണ്ട്.

 

 

Latest