Connect with us

Kerala

വ്യാജ വിദേശമദ്യ നിര്‍മാണം: രക്ഷപ്പെട്ട പ്രതിക്ക് അന്വേഷണം ഊര്‍ജിതമാക്കി

മദ്യം കടത്തിവന്നത് വെട്ട് കല്ല് ബിസിനസ്സിന്റെ മറവില്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | തെരുവുനായ്ക്കളുടെ കാവലില്‍ വാടക വീട്ടില്‍ വിദേശ വ്യാജമദ്യ നിര്‍മാണം നടത്തുകയും എക്സൈസിനെ വെട്ടിച്ച് കടന്നുകളയുകയും ചെയ്ത പ്രതി ചെതലയം കൊച്ചുപറമ്പില്‍ രാജേഷി (49) നായി എക്സൈസ് അന്വേഷം ഊര്‍ജിതമാക്കി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതി വാടകക്ക് താമസിക്കുന്ന പുത്തന്‍കുന്നിലെ വീട്ടില്‍ നിന്ന് 17 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവും ബോട്ടിലിംഗ് അടപ്പ് സീല്‍ ചെയ്യുന്ന മെഷീന്‍, പ്രിന്റര്‍, കമ്പ്യൂട്ടര്‍, വ്യാജ ലേബലുകള്‍ എന്നിവ പിടികൂടിയത്. പക്ഷേ, പ്രതി രാജേഷ് രക്ഷപ്പെടുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ നായ്ക്കളെ എക്സൈസുകാര്‍ക്ക് നേരെ അഴിച്ചുവിട്ടാണ് രാജേഷ് ഓടി രക്ഷപ്പെട്ടത്.

കല്ലൂര്‍, നമ്പ്യാര്‍ക്കുന്ന് പ്രദേശങ്ങളില്‍ വന്‍തോതില്‍ പോണ്ടിച്ചേരി മദ്യം കോളനികള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടക്കുന്നതായി എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിന്‍തുടരുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തത്. വെട്ട് കല്ല് ബിസിനസ്സ് നടത്തി വന്ന ഇയാള്‍ കല്ല് കൊണ്ടുവരുന്നതിന്റെ മറവിലാണ് പോണ്ടിച്ചേരി മദ്യം കേരളത്തിലേക്ക് കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്നത്.

പോണ്ടിച്ചേരി മദ്യത്തിന് കേരളത്തില്‍ നിരോധനമുള്ളതിനാല്‍ ഇത് കുപ്പികളില്‍ നിന്ന് മാറ്റി പകരം മറ്റ് കുപ്പികളിലാക്കി വിവിധങ്ങളായ ബ്രാന്റുകളുടെ വ്യാജ സ്റ്റിക്കര്‍ ഒട്ടിച്ച് അമിത വിലക്ക് വില്‍പ്പന നടത്തിവരുകയായിരുന്നു. അസ്സി. എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദിന്റെ നിര്‍ദേശാനുസരണം എക്സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിളും ചേര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തിലായിരുന്നു മദ്യവും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയത്.

 

 

Latest