financial fraud
'ലോൺ ആപ്പി'ലായി നിരവധി പേർ; യു പി സ്വദേശിയെ അറസ്റ്റ് ചെയ്തു
തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, ഹരിയാന സ്വദേശികളായ രണ്ട് പേരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി സൈബർ പോലീസ് സിറാജിനോട് പറഞ്ഞു
കൽപ്പറ്റ | ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ വാരാണസിക്ക് സമീപം ബദോഹി എന്ന ഗ്രാമത്തിൽ നിന്ന് അതുൽ സിംഗ് (19) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, ഹരിയാന സ്വദേശികളായ രണ്ട് പേരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി സൈബർ പോലീസ് സിറാജിനോട് പറഞ്ഞു.
ലോൺ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചാണ് വയനാട് പടിഞ്ഞാറത്തറക്കാരനെ കെണിയിലാക്കിയത്. ഇതുവഴി യുവാവിന് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാവുകയും ഇയാളെയും സുഹൃത്തുക്കളെയും ഫോൺ, വാട്‌സ്ആപ്പ് എന്നിവ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
നിബന്ധനകളൊന്നുമില്ലാതെ ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് ലോൺ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അനുവദിക്കപ്പെട്ട ലോണിൽ നിന്ന് ഉടൻ തന്നെ സർവീസ് ചാർജെന്ന പേരിൽ വലിയ തുക പിടിച്ചുവെക്കുകയും പിന്നീട് ഒരാഴ്ചക്കകം ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിനു കഴിയാതെ വന്നപ്പോൾ മറ്റൊരു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതുവഴി പഴയ ലോൺ ക്ലോസ് ചെയ്യിപ്പിക്കുകയുമായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്ക് പരാതിക്കാരൻ വലിയ കടക്കെണിയിൽ അകപ്പെട്ടിരുന്നു.
ലോണിന് ഒരു മാസത്തിനുള്ളിൽ തന്നെ 100 ശതമാനം പലിശയാണ് ഇതു വഴി സംഘം ഈടാക്കുന്നത്. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ആപ്പ് വഴി മൊബൈൽ ഫോണിലെ നമ്പറുകളടക്കമുള്ള സ്വകാര്യ വിവരങ്ങൾ സംഘം തട്ടിയെടുക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് പിന്നീട് ഇവർ ഭീഷണിപ്പെടുത്തുന്നത്.
മാന്യത തകർക്കുന്ന വിധം ഇരയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫോൺ ചെയ്തും മെസ്സേജ് അയച്ചും അനാവശ്യ ഗ്രൂപ്പുകളിൽ ആഡ് ചെയ്തുമാണ് തട്ടിപ്പുകാർ ഇരകളെ മുൾമുനയിൽ നിർത്തുന്നത്.
തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തും സ്വർണാഭരണങ്ങൾ വിറ്റും കുരുക്കഴിക്കുകയാണ് പലരും. നിരവധിയാളുകളെ തട്ടിപ്പുകാർ ഇത്തരം കടക്കെണിയിൽ വീഴ്ത്തിയിട്ടുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ചിന് സമാനമായ തട്ടിപ്പുകളുടെ 16 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വയനാട്ടിലാണ്.