Connect with us

articles

വിമര്‍ശങ്ങളേറെ; കൈയടികളും

സംസ്ഥാന ബജറ്റിനെതിരെ ഉയര്‍ത്തുന്ന ഏറ്റവും വലിയ വിമര്‍ശനം ഡീസലിനും പെട്രോളിനും മുകളില്‍ ചുമത്തിയ സോഷ്യല്‍ സെക്യൂരിറ്റി സെസായ രണ്ട് രൂപയാണ്. അടിസ്ഥാന വസ്തുവായ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടാകുന്ന വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിമര്‍ശനം ഗൗരവതരമായി പരിഗണിക്കേണ്ടത് തന്നെയാണ്.

Published

|

Last Updated

കേരള സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത് അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ അനുഭവിച്ച പ്രളയം, ഓഖി ദുരന്തം, കൊവിഡ് മഹാമാരി മൂലമുണ്ടായ ജനജീവിത പ്രതിസന്ധി എന്നിവ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ സ്വാഭാവികമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികളെ മുന്നില്‍ നിന്ന് നേരിടാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന് തന്നെയാണ്. എന്നാല്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടന ഉറപ്പ് തരുന്ന സാമ്പത്തിക പരിരക്ഷയെങ്കിലും ഉറപ്പ് വരുത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച 2023-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ആരംഭിക്കുന്നത്, കേന്ദ്രത്തിന്റെ ഈ ഭരണഘടനാപരമായ ബാധ്യത ഊന്നിപ്പറഞ്ഞുകൊണ്ടാണ്. ജി എസ് ടി നടപ്പാക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, വലതുപക്ഷ ധനകാര്യ മൗലികവാദം അടിച്ചേല്‍പ്പിക്കുന്നത് മൂലമുണ്ടാകുന്ന ധന ഞെരുക്കം, സംസ്ഥാനങ്ങളുടെ തനത് വിഭവ സമാഹരണത്തില്‍ ജി എസ് ടി സംവിധാനം വരുത്തുന്ന മാറ്റങ്ങള്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ധനമന്ത്രി അദ്ദേഹത്തിന്റെ രണ്ടാമത്തെ പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്.

ഒരു ഭാഗത്ത് തനത് വരുമാനത്തിനുള്ള സ്രോതസ്സുകള്‍ വിരലില്‍ എണ്ണാവുന്നതായി കുറയുന്നു. മറുഭാഗത്ത് ചെലവിനങ്ങള്‍ വര്‍ധിക്കുന്നു. ധനകാര്യ കമ്മിയും കടമെടുപ്പും നിയന്ത്രിക്കുന്നതിനുള്ള ധനമൗലിക വാദവുമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വീര്‍പ്പുമുട്ടിക്കുന്ന അസാധാരണമായ ഈ പരിതസ്ഥിതിയിലാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒരു ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ കാലങ്ങളിലെ ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടലുകള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എങ്കില്‍ പോലും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള വിപണി ഇടപെടലുകള്‍ക്കായി രണ്ടായിരം കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി നൂറ് കോടി രൂപ വകയിരുത്തിയ മെയ്ക്ക് ഇന്‍ കേരള പദ്ധതി, ഏറെ നഷ്ടം അനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കായി 600 കോടി, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇടപെടലുകള്‍, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി വിഭവ സമാഹരണം (971 കോടി), ക്ഷീര വികസന മേഖലക്കും മത്സ്യബന്ധന മേഖലക്കും അനുവദിച്ച തുക, നഗര ശുചീകരണത്തിനും വികസനത്തിനും അനുവദിച്ച തുക തുടങ്ങി ഒട്ടേറെ ജനോപകാരപ്രദമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ബജറ്റ്.

64,006 കുടുംബങ്ങള്‍ അതി ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അതി ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതിയുമായി ഒരു സംസ്ഥാനം നയരൂപവത്കരണം നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ പരിശ്രമമാണ്. കുടുംബശ്രീക്കും തൊഴിലുറപ്പ് പദ്ധതിക്കും കാര്‍ഷിക മേഖലക്കും സംസ്ഥാന സര്‍ക്കാര്‍ ഈ ബജറ്റില്‍ നല്‍കിയ ഉയര്‍ന്ന പരിഗണന കേരളത്തില്‍ നിലനില്‍ക്കുന്ന അതി ദാരിദ്ര്യം കുറക്കാനും സംസ്ഥാനത്തിനകത്തെ അസമത്വം ദൂരീകരിക്കാനും ഉപകരിക്കും.

ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയെങ്കിലും സാമ്പത്തികമായ വളര്‍ച്ച നേടാന്‍ കേരളത്തിന് അടുത്തകാലം വരെ സാധിച്ചിരുന്നില്ല. എന്നാല്‍ 2021-22 വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ധിച്ചത് 12.01 ശതമാനമാണ്. കൊവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയെ അതിജീവിച്ചുകൊണ്ടാണ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിന് സാധിച്ചത്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനത്തിന് കൈവരിക്കാനായത്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് യഥാര്‍ഥത്തില്‍ പുനര്‍ വിതരണം ചെയ്യപ്പെട്ടാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുകയുള്ളൂ. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിലുള്ള പുനര്‍ വിതരണ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നത് എടുത്തുപറയേണ്ടതാണ്.

സംസ്ഥാന ബജറ്റിനെതിരെ ഉയര്‍ത്തുന്ന ഏറ്റവും വലിയ വിമര്‍ശനം ഡീസലിനും പെട്രോളിനും മുകളില്‍ ചുമത്തിയ സോഷ്യല്‍ സെക്യൂരിറ്റി സെസായ രണ്ട് രൂപയാണ്. ഇതുമൂലം 750 കോടിയുടെ അധിക വരുമാനം സമാഹരിക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. അടിസ്ഥാന വസ്തുവായ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലുണ്ടാകുന്ന വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിമര്‍ശനം ഗൗരവതരമായി പരിഗണിക്കേണ്ടത് തന്നെയാണ്.

എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്റെ ഭാഗമായി 57 ലക്ഷം ഉപഭോക്താക്കളാണുള്ളത്. അതില്‍ 6.7 ലക്ഷം ആളുകള്‍ വിവിധങ്ങളായ ക്ഷേമനിധി പെന്‍ഷനുകളില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പരിപൂര്‍ണ സഹായത്തോടെയാണ്.

കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വിഭവ വിതരണം കേരളത്തിനെതിരായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഒഴിവാക്കാനാകുന്നതല്ല ഈ വില വര്‍ധനവ്. സംസ്ഥാനത്തിന്റെ ചെലവുകള്‍ കണ്ടെത്താനായി വിഭവ സമാഹരണം നടത്തേണ്ട അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ കേരളത്തിലേക്കുള്ള കേന്ദ്ര വിഹിതം ഗണ്യമായി കുറക്കുന്നതിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്ത് നിന്ന് ഉയര്‍ന്ന വിഭവ സമാഹരണം നടത്തി സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് നിരക്കാത്ത കേന്ദ്രത്തിന്റെ പ്രവര്‍ത്തന ശൈലിയാണ് കേരളത്തെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന ബജറ്റ് മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആശങ്കയാണ് കേരളത്തിന്റെ ജനസംഖ്യയില്‍ അടുത്ത കാലത്ത് ഉണ്ടാകാനിടയുള്ള ഘടനാപരമായ മാറ്റം. ആശ്രിത ജനവിഭാഗങ്ങളുടെ മൊത്തം ജനസംഖ്യയിലുള്ള അനുപാതം ഗണ്യമായി ഉയരാനുള്ള സാധ്യത ഇതിനോടകം തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആശ്രിത ജനവിഭാഗങ്ങള്‍ക്ക് വാര്‍ധക്യകാല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണ്. അതോടൊപ്പം തന്നെ അഭ്യസ്തവിദ്യരായ ജനവിഭാഗങ്ങള്‍ക്ക് നല്ല തൊഴില്‍ സാഹചര്യങ്ങളും ഒരുക്കണം. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറ്റിയെടുക്കാനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കണം. അതിനായുള്ള ആദ്യ കാല്‍വെപ്പായി സംസ്ഥാന ബജറ്റിനെ കണക്കാക്കാം.