Connect with us

Cover Story

ഈ പന്തലിൽ വിടരുന്നത് അനേകം സ്വപ്നപ്പൂക്കൾ

കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിലുള്ള പണികളിലും ഏർപ്പെട്ട് അന്നന്നത്തെ ഉപജീവനം കഷ്ടിച്ചു മുന്നോട്ടു നീക്കുന്ന കുടുംബങ്ങൾ. ഐശ്വര്യവും പ്രതാപവും കേട്ടുകേൾവിയിൽ മാത്രം പരിചയിച്ചവർ... ആലങ്കാരിക പദപ്രയോഗങ്ങൾക്കപ്പുറം അവിവാഹിതർ പുര നിറഞ്ഞു നിൽക്കുന്ന നിരവധി ഗ്രാമങ്ങൾ. അവരുടെ അടങ്ങാത്ത സങ്കടപ്പെയ്ത്തിന്റെ അശ്രുകണങ്ങൾ പതിയെ തുടച്ച് സമാശ്വാസത്തിന്റെ തണലിടം നൽകി ശ്രമകരമായ ഒരു ദൗത്യത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു പാടന്തറ മർകസ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട നന്മ പ്രവർത്തനങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച സമൂഹ വിവാഹം ലോകത്തിന്റെ സ്നേഹ ഭൂപടത്തിൽ വരച്ചു തീർക്കുന്ന അതിരുകളില്ലാത്ത കാരുണ്യത്തിന്റെ കഥകൾക്ക് പ്രേരകവും പ്രോത്സാഹനവുമായ അനേകം നനവുള്ള നിമിത്തങ്ങളുണ്ട്.

Published

|

Last Updated

നിരാശ തളംകെട്ടി തണുത്തുറഞ്ഞുപോയ ജീവിതത്തിന്റെ ഏതോ ദുർബല നിമിഷത്തിൽ നിന്നാണ് അവൾ ആ തീരുമാനം ഉറപ്പിച്ചത്… നിറം മങ്ങിയ രാപകലുകളും വിധിയുടെ വീതംവെപ്പിൽ വേദന തിന്നാൻ മാത്രം നിയോഗിക്കപ്പെട്ട നോവുപടരുന്ന ചുറ്റുപാടുകളും എത്രമേൽ ഒരു മനസ്സിനെ വ്രണപ്പെടുത്തുമെന്നതിന്റെ നേരടയാളമായിരുന്നു അവളുടെ തീർപ്പുകൾ… വിറയാർന്ന കൈയക്ഷരങ്ങളിൽ കണ്ണീർക്കണങ്ങൾ ഇറ്റി വീണ കടലാസിൽ അവൾ ജിജ്ഞാസയോടെ കുറിച്ചിട്ടു…

” ഉസ്താദേ.. ആത്മഹത്യ ചെയ്യാൻ അനുവാദമുള്ള വല്ല സന്ദർഭവും ഉണ്ടോ…?’
തികച്ചും വ്യത്യസ്തമായ ചോദ്യം കാര്യകാരണങ്ങൾ സഹിതം വിശദീകരിച്ചാണ് ഒരു കത്തായി ഉസ്താദിന്റെ കൈകളിലെത്തുന്നത്…

കാലം കലണ്ടറിനെ പലവുരു മാറ്റുമ്പോഴും ഏകാന്തത മാറ്റമില്ലാതെ തുടർന്നു പോന്നു… അവിവാഹിത ജീവിതത്തിന്റെ കൈപ്പേറിയ വിരഹ നാൾവഴികളിൽ വിഷാദവും അനേകം സങ്കടങ്ങളും മാത്രമായി അവൾക്ക് കൂട്ട്…

തന്നെ പോലെയുള്ള പലരും വിവാഹ സ്വപ്നസാഫല്യം നേടി അവരുടെ ലോകത്ത് സന്തോഷപൂർവം ജീവിക്കുമ്പോൾ തനിക്കുമാത്രം എന്താണ് ഈ ഒരു ഗതി എന്ന ചിന്തയാണ് പ്രായം തെറ്റി വിവാഹം നടക്കാതെ വീട് നിറഞ്ഞു നിൽക്കുന്ന അനേകം പേരിൽ ഒരാളായി ഇങ്ങനെ ഒരു കത്തെഴുതാൻ അവൾക്ക് പ്രേരകമായത്…

പ്രമുഖ പണ്ഡിതനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അബ്ദുസ്സലാം മുസ്്ലിയാർ ദേവർഷോലയുടെ നേതൃത്വത്തിൽ പാടന്തറ മർകസ് കേന്ദ്രമായി നടക്കുന്ന സമൂഹ വിവാഹങ്ങളുടെ അതിപ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആ കത്തും മറ്റു ചില പൊള്ളുന്ന അനുഭവങ്ങളും.

” എന്റെ മകൾക്ക് വയസ്സ് 35 പിന്നിട്ടു. ഈ മൂന്നര പതിറ്റാണ്ട് ആയുഷ്കാലത്തിനിടെ. അവൾ ആദ്യമായി ഒരു തരി പൊന്ന് ധരിക്കുന്നത് ഇതാ ഈ സമൂഹ വിവാഹത്തിൽ നിന്ന് ലഭിച്ച സ്വർണം കൊണ്ടുള്ളതാണ്…വാക്കുകൾ പറഞ്ഞു തീരുമ്പോൾ ആ മാതാവിന്റെ ഹൃത്തടത്തിൽ സന്തോഷവും സങ്കടവും സമം ചേർന്ന് വന്ന് നിൽപ്പുണ്ടായിരുന്നു…
“നമ്മുടെ കല്യാണ പരിപാടിയിൽ ഒരു വളണ്ടിയർ ആയി എന്നെ നിർബന്ധമായും കൂട്ടണം, എന്റെ കൂടെയുള്ള കുറച്ചധികം കൂട്ടുകാരും അതിനുവേണ്ടി എല്ലാ തിരക്കുകളും മാറ്റിവെച്ച് കാത്തിരിക്കുകയാണ്…’

പാടന്തറ മർകസ് വർഷത്തിൽ നടത്തുന്ന സമൂഹവിവാഹം എന്ന സ്നേഹ സദസ്സിന്റെ മുഴുസമയ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വല്ലപ്പോഴും ലഭിക്കുന്ന പണിത്തിരക്കുകൾ മാറ്റിവെച്ച് പോലും വേണ്ടി സ്വയം മുന്നോട്ടുവന്ന് അതിന്റെ മുന്നണി പോരാളിയായി മാറിയ പ്രദേശവാസി സുരേഷിന് ആ കല്യാണ ഉത്സവത്തെക്കുറിച്ച് പറയാൻ വാക്കുകളേറെയാണ്…

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട നന്മ പ്രവർത്തനങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച പാടന്തറ മർകസ് സമൂഹ വിവാഹം ലോകത്തിന്റെ സ്നേഹ ഭൂപടത്തിൽ വരച്ചു തീർക്കുന്ന അതിരുകളില്ലാത്ത കാരുണ്യത്തിന്റെ കഥകൾക്ക് പ്രേരകവും പ്രോത്സാഹനവുമായ ഇതുപോലുള്ള അനേകം നനവുള്ള നിമിത്തങ്ങളുണ്ട്.

വിവാഹം എന്നത് യുഗ യുഗാന്തരങ്ങളോളം തലമുറകൾ പിന്നിടാൻ ഏതൊരു മനുഷ്യനും മനസ്സിൽ താലോലിക്കുന്ന സുമോഹനമായ സ്വപ്നമാണ്. നിറവാർന്ന ആ സ്വപ്നത്തിന്റെ സാഫല്യം മതിവരുവോളം ആസ്വദിക്കാൻ കഴിയുന്നവർക്ക് മണ്ണിലെ സ്വർഗം കിട്ടി എന്നു പറയാം.. സന്തോഷത്തിന്റെ സപ്തവർണങ്ങൾ സംഗമിക്കുന്ന ആ അസുലഭ സൗഭാഗ്യത്തിന് വിധി കൂട്ടുനിൽക്കാത്ത അനേകായിരങ്ങൾ എക്കാലവും സമൂഹത്തിന്റെ തീരാ വേദനകളാണ്.
ചിലർക്ക് എല്ലാം ഉണ്ടായിട്ടും ഭാഗ്യയോഗങ്ങളുടെ നൂൽ ചരടുകളിൽ കെട്ടുപിണഞ്ഞു ആ സ്വപ്നം പൂവണിയാൻ കഴിയാതെ മരിച്ചു ജീവിക്കേണ്ടിവരുന്നത് നമുക്കുചുറ്റും സുപരിചിതമാണ്. എന്നാൽ വിവാഹമെന്ന വിശുദ്ധ പ്രക്രിയക്ക് വിധി വീടൊരുക്കാത്ത നല്ലൊരു ശതമാനം ആളുകളുടെ മുന്നിലെ പ്രതിസന്ധി അതിനുള്ള ശേഷി ഇല്ല എന്നതാണ്.

ജീവിത സാഹചര്യങ്ങളും ദാരിദ്ര്യത്തിന്റെ കൈപ്പേറിയ ചുറ്റുപാടുകളും ആനന്ദത്തിന്റെ ആകാശങ്ങൾ അവർക്ക് അപ്രാപ്യമാക്കും. കുതിച്ചു പായുന്ന കാലക്രമത്തിൽ കൊതിച്ചു തീരാത്ത നഷ്ടസ്വപ്നങ്ങൾ വിധിയുടെ വരവുവെപ്പിൽ ഉൾപ്പെടുത്തി അത്തരക്കാർ ശിഷ്ടകാലം ഉള്ളു നീറി കഴിഞ്ഞുകൊണ്ടിരിക്കും.

നിരാശാ ചിന്തകളുടെ നെരിപ്പോടുകൾ എരിഞ്ഞുകത്തി ചിലർ വിഷാദരോഗികളായി മാറും. ചിലർ സാഹചര്യങ്ങൾക്ക് വശംവദരായി അരുതായ്മകളുടെ അരികുപാളികളിൽ എത്തിപ്പെടും.
കിനാവും കണ്ണീരുമായി കല്യാണ സൗഭാഗ്യത്തിന്റെ വർണരാജികൾക്ക് കാത്തിരിപ്പിന്റെ കറുത്ത ദിനരാത്രങ്ങൾ മാത്രം കൂട്ടിനുള്ള അത്തരം ഒരുപാടേറെ ആളുകളൊരുമിച്ചുള്ള പ്രദേശമാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ.

കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിലുള്ള പണികളിലും ഏർപ്പെട്ട് അന്നന്നത്തെ ഉപജീവനം കഷ്ടിച്ചു മുന്നോട്ടു നീക്കുന്ന കുടുംബങ്ങൾ. ഐശ്വര്യവും പ്രതാപവും കേട്ടുകേൾവിയിൽ മാത്രം പരിചയിച്ചവർ… ആലങ്കാരിക പദപ്രയോഗങ്ങൾക്കപ്പുറം അവിവാഹിതർ പുര നിറഞ്ഞു നിൽക്കുന്ന നിരവധി ഗ്രാമങ്ങൾ. അവരുടെ അടങ്ങാത്ത സങ്കടപ്പെയ്ത്തിന്റെ അശ്രുകണങ്ങൾ പതിയെ തുടച്ച് സമാശ്വാസത്തിന്റെ തണലിടം നൽകി ശ്രമകരമായ ഒരു ദൗത്യത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു പാടന്തറ മർകസ് – എസ് വൈ എസ് ജീവകാരുണ്യ പ്രവർത്തന ശൃംഖല.

നീലക്കുറിഞ്ഞിയും സീഗമരപ്പൂവും മഞ്ഞപ്പട്ടുടുപ്പിക്കുന്ന മാമലകളുടെ നാടായ നീലഗിരിയിലെ പാടന്തറയിലും പരിസരപ്രദേശങ്ങളിലും കുടിയേറി പാർക്കുന്ന അനേകം കുടുംബങ്ങൾ അതിജീവനത്തിന്റെ വഴിയടയാളങ്ങൾ സ്വപ്നം കാണാൻ പോലും കഴിയാതെ ജീവിതചക്രം മുന്നോട്ടു നീക്കുന്നവരാണ്.

പ്രദേശത്തെ അറുപതോളം മഹല്ലുകളിലും ചേരികളിലും വിവാഹപ്രായം കവിഞ്ഞ് പുരനിറഞ്ഞു നിൽക്കുന്നത് ആയിരങ്ങളാണ്. എസ്റ്റേറ്റുകളിൽ തേയിലത്തുമ്പ് നുള്ളി കിട്ടുന്ന തുച്ഛമായ വരുമാനമാണ് അവർ ഓരോ കുടുംബത്തിന്റെയും ഏക ജീവിതാശ്രയം.
സഹ്യപർവതത്തിന്റെ ഭാഗമായ നീലഗിരി പ്രദേശങ്ങൾ തെക്കേ ഇന്ത്യയുടെ മാത്രം സ്വത്തല്ല ലോകത്തിന്റെ ആകെ ജൈവ സമ്പത്താണ്. 2012 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ പ്രദേശത്തിന്റെ സാമ്പത്തിക ഉന്നമനവും സാമൂഹിക പുനരധിവാസവും ഇന്നും പഴയ പടി തുടരുകയാണ്.

പ്രദേശത്തെ ഒട്ടേറെ നന്മ പ്രവർത്തനങ്ങളുടെ കേന്ദ്രമായ പാടന്തറ മർകസ് അതിന്റെ തുടക്കകാലം തൊട്ടുതന്നെ സമൂഹ വിവാഹമുൾപ്പെടെയുള്ള പരമാവധി കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് കഴിയാവുന്ന സേവനങ്ങൾ സമർപ്പിച്ചു വന്നിരുന്നു. 2014 മാർച്ചിൽ 114 വധൂവരൻമാർക്ക് വിവാഹ സ്വപ്നം യാഥാർഥ്യമാക്കി കൂടുതൽ വിപുലമാക്കിയ സമൂഹവിവാഹം വഴി ഇതിനകം 1120 വധൂവരന്മാർ ദാമ്പത്യത്തിന്റെ സ്നേഹവല്ലരിയിലേക്ക് സസന്തോഷം കടന്നുചെന്നിട്ടുണ്ട്.
2015 ഏപ്രിൽ 27ന് തൊട്ടടുത്ത വർഷം 260 പേർക്ക് വിവാഹ സന്തോഷം സഫലമായി. ഓരോ വർഷവും വിവാഹ മുഹൂർത്തങ്ങൾ കഴിയുമ്പോൾ അർഹരായവരുടെ അപേക്ഷകൾ പതിന്മടങ്ങ് വർധിക്കും. പ്രതിസന്ധികൾക്കിടയിലും തങ്ങൾക്ക് മുന്നിൽ വന്ന ആശയറ്റവരുടെ കണ്ണീർ കാണാതിരിക്കാൻ കഴിയാതെ സംഘാടകർ തൊട്ടടുത്ത വർഷവും ഈ സദുദ്യമത്തിന് അരയും തലയും മുറുക്കും.

2017 ൽ 346 വധൂവരന്മാർക്ക് പാടന്തറ മർകസിൽ മംഗല്യ സ്വപ്നങ്ങൾക്ക് മധുര സാക്ഷാത്കാരം സാധിച്ചു. 2019 ൽ 400 വധൂവരന്മാർ ഈ സ്നേഹത്തിന്റെ നൂൽ ചരടിൽ ജീവിതത്തിന്റെ നിറമുള്ള മാല കോർത്തു.

കൊവിഡ് പ്രതിസന്ധികൾക്കിടയിൽ സമൂഹത്തിന്റെ എല്ലാ തലങ്ങളും ക്ഷീണം ബാധിച്ച സാഹചര്യത്തിൽ വിവാഹം നടക്കാതെ പോയവരുടെ എണ്ണത്തിൽ പൂർവാധികം ഗണ്യമായ വർധനവുണ്ടായി.

ഇത്തവണ 2023 ഫെബ്രുവരി 26 ന് 800 വധൂവരന്മാരാണ് പടന്തറ മർകസും എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ഈ സമൂഹ വിവാഹത്തിലൂടെ ഒന്നായിച്ചേരുന്നത്.
അർഹരിൽ അർഹരായ ആളുകളെ സുതാര്യമായ വഴികളിലൂടെ ബോധ്യപ്പെട്ട ശേഷം യാതൊരു വിവേചനവും കൂടാതെ അവരുടെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പാടന്തറ മർകസിൽ നടക്കുന്ന സമൂഹവിവാഹം നിർവഹിക്കുന്നത്.

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്ത മതക്കാരും പ്രസ്ഥാനക്കാരുമെല്ലാം ഈ വിവാഹ പന്തലിൽ ഒരുമയുടെ സ്നേഹ വർണങ്ങൾ ചാലിക്കുന്നത് പുതുകാലത്തിന് മനോഹരമായ സന്ദേശങ്ങളാണ് പകരുന്നത്.

വിവാഹ സംഗമത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷ തികച്ചും സുതാര്യമായി സംഘാടകസമിതി നേരിട്ട് ചെന്ന് അന്വേഷിക്കുകയും അർഹതയുണ്ട് എന്ന് ബോധ്യപ്പെടുന്ന മുറക്ക് മറ്റൊരു മുൻഗണനാക്രമങ്ങളും പരിഗണിക്കാതെ അവരെ ഈ സ്നേഹത്തിന്റെ പന്തലിൽ ഒരാളായി അപ്പോൾ തന്നെ ചേർക്കുകയാണ് രീതി.

ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് അഭ്യൂദയകാംക്ഷികളായ അനേകം സുമനസ്സുകളുടെ നിസ്സീമമായ സഹകരണങ്ങൾ കൊണ്ടാണ് ഈ സ്നേഹ വിപ്ലവം ഓരോ വർഷവും പൂർവാധികം ശോഭയോടെ മുന്നോട്ട് പോകുന്നത്.

മുൻ വർഷങ്ങളിൽ അഞ്ച് പവൻ സ്വർണാഭരണവും 25,000 രൂപ സന്തോഷ കൈനീട്ടവും നൽകിയാണ് പടന്തറ മർകസ് ഈ സമൂഹ വിവാഹത്തിൽ വിവാഹിതരാകുന്ന ഇണകളെ സന്തോഷപൂർവം പരിഗണിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ അനേകർക്കിടയിൽ പ്രമുഖരുടെ കാർമികത്വത്തിൽ നിക്കാഹ് കർമങ്ങൾ നടക്കും. മുസ്്ലിം ഇതര മതസ്ഥർ അവരുടെ ആചാരപ്രകാരം പാടന്തറയിലെ അന്പലങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമങ്ങൾ നിർവഹിച്ച ശേഷം പ്രവിശാലമായ പന്തലിലെ ചടങ്ങിൽ സംബന്ധിക്കാൻ വിരുന്നെത്തും. വിവാഹത്തിൽ പങ്കുചേരാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നവർക്ക് സുഭിക്ഷമായ ഭക്ഷണവും വിശാലമായ പന്തൽ സൗകര്യവും മാസങ്ങൾക്കു മുമ്പ് തന്നെയുള്ള മറ്റു സജ്ജീകരണങ്ങളും ഈ സമൂഹ വിവാഹത്തിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത സവിശേഷതകളാണ്.
.

Latest