Editors Pick
കൊല്ലപ്പെട്ട ചലപതി ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ്; കുരുക്കായത് ഭാര്യയോടൊപ്പമുള്ള സെൽഫി
ഒളിഞ്ഞും പാത്തും ആയിരുന്നു രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുടെ പ്രവർത്തനം. 2008 ൽ ഒഡീഷയിലെ നയാഗഢ് ജില്ലയിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ചലപതിയായിരുന്നു. ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ ചൊവ്വാഴ്ച നടന്ന സംയുക്ത ഓപ്പറേഷനിൽ ചലപതി കൊല്ലപ്പെട്ടു.
ന്യൂഡൽഹി | സി പി ഐ (മാവോയിസ്റ്റ്) റാങ്കിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് നേതാക്കളിൽ ഒരാളാണ് ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ ചൊവ്വാഴ്ച നടന്ന സംയുക്ത ഓപ്പറേഷനിൽ കൊല്ലപ്പെട്ട ചലപതി. പതിറ്റാണ്ടുകളായി സുരക്ഷാ സേനക്ക് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മാവോയിസ്റ്റ് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്ന ചലപതിയെ സുരക്ഷാ സേന തിരിച്ചറിയുന്നത് ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. അതിന് വഴിയൊരുക്കിയതാവട്ടെ ചലപതി ഭാര്യയോടൊപ്പം എടുത്ത ഒരു സെൽഫിയും. ആ സെൽഫി പുറത്തുവരുന്നതുവരെ ഒരു അജ്ഞാത ശക്തിയായിരുന്നു ചലപതി.
ഒളിഞ്ഞും പാത്തും ആയിരുന്നു രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുടെ പ്രവർത്തനം. 2008 ൽ ഒഡീഷയിലെ നയാഗഢ് ജില്ലയിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ചലപതിയായിരുന്നു. പോലീസ് ആയുധപ്പുര കൊള്ളയടിച്ച ശേഷം മാവോയിസ്റ്റുകൾ നയാഗഢിൽ നിന്ന് വിജയകരമായി രക്ഷപ്പെട്ടെന്ന് ചലപതി ഉറപ്പാക്കി. ആക്രമണസമയത്ത് റോഡുകളിൽ വലിയ മരങ്ങൾ വെട്ടിയിട്ട് നയാഗഢിലേക്കുള്ള എല്ലാ വഴികളും ചലപതി തടഞ്ഞുവെന്ന് സുരക്ഷാസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ച ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള ചലപതി പ്രധാനമായും ഛത്തീസ്ഗഢിലും ഒഡീഷയിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാൽമുട്ടിലെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലെ ദർഭയിലായിരുന്നു 60കാരനായ ചലപതിയുടെ താമസം.
ചെറുപ്പത്തിൽ നിരോധിത പീപ്പിൾസ് വാർ ഗ്രൂപ്പിൽ (പിഡബ്ല്യുജി) ചേർന്നാണ് മാവോയിസത്തിലേള്ളുള്ള വരവ്. സ്കൂൾ വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ഒഡിയ ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈനിക തന്ത്രങ്ങളിലും ഗറില്ലാ യുദ്ധത്തിലും പ്രാഗത്ഭ്യം നേടിയ ചലപതി, പിഡബ്ല്യുജി ഉൾപ്പെടെയുള്ള നിരവധി രഹസ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ലയിച്ച് 2004 ൽ സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിച്ച ശേഷം ഉന്നത സ്ഥാനത്തെത്തി. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിച്ച ചലപതി ഒഡീഷയിലെ കന്ധമാൽ, കലഹന്ദി ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിലും അവരുടെ ശൃംഖല വികസിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
2011 ൽ കന്ധമാലിലെ ഒരു പോലീസ് ആയുധപ്പുരയിൽ ചലപതി മറ്റൊരു റെയ്ഡ് നടത്താൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. വനത്തിൽ താമസിക്കുന്ന കാലത്ത്, ആന്ധ്ര ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ (എഒബിഎസ്ഇസെഡ്‌സി) ഡെപ്യൂട്ടി കമാൻഡറായ അരുണ എന്ന ചൈതന്യ വെങ്കട്ട് രവിയുമായി ചലപതി അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് ഇരുവരും വിവാഹിതരായി.
2016 മെയ് മാസത്തിൽ ആന്ധ്രാപ്രദേശിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ നടന്ന വെടിവയ്പ്പിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു സ്മാർട്ട്‌ഫോണിൽ നിന്ന് കണ്ടെത്തിയ അരുണയോടൊപ്പമുള്ള ഒരു സെൽഫിയാണ് ചലപതിയെ തിരിച്ചറിയാൻ സുരക്ഷാ ഏജൻസികളെ സഹായിച്ചത്. സെൽഫി പുറത്തുവന്നതിനെ തുടർന്ന് ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. ഇത് ചലപതിയുടെ ചലനങ്ങൾ തടഞ്ഞു. ഇതോടെ ചലപതിയുടെ യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ഒരു ഡസനോളം കേഡർമാരുടെ സംരക്ഷണയിൽ മാത്രം പുറത്തിറങ്ങാൻ സാധിക്കുന്ന സ്ഥിയിൽ ചലപതി ലോക്കാകുയും ചെയ്തു.
ഇതിനിടയിലാണ് ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ സുരക്ഷാ സേനയുമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏറ്റുമുട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച രാവിലെ രണ്ട് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചെന്നും തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലർച്ചെ വരെയും നടന്ന രൂക്ഷമായ വെടിവയ്പ്പിൽ ചലപതി അടക്കം 13 മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.