Connect with us

Kerala

സര്‍ക്കാറിനെതിരെ നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം: എം വി ജയരാജന്‍

വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേക്ക് വന്നേക്കും എന്ന ഭയമാണ് യുഡിഎഫിനേയും ബിജെപിയേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും ഇത്തരം ഒരു അക്രമ സമരത്തിന് പ്രേരിപ്പിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍  | കെ റെയില്‍ പ്രതിഷേധത്തിനെതിരെ ആരോപണവുമായി സിപിഎം. കെ റെയിലിനെതിരെ സംസ്ഥാനത്ത് നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരമാണെ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമോയെന്ന ഉത്കണ്ഠയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത, ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍ വികസന പദ്ധതികള്‍ തുടങ്ങി ഇടതുമുന്നണി നല്‍കിയ വാഗ്ദാനങ്ങല്‍ പലതും നടപ്പിലാക്കി. ഇതില്‍ പലതും അസാധ്യമെന്ന് കണ്ട പദ്ധതികളായിരുന്നു. വാഗ്ദാനം ചെയ്ത പദ്ധതികളെല്ലാം നടപ്പിലാക്കി കഴിഞ്ഞാല്‍ വരാനിരിക്കുന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേക്ക് വന്നേക്കും എന്ന ഭയമാണ് യുഡിഎഫിനേയും ബിജെപിയേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും ഇത്തരം ഒരു അക്രമ സമരത്തിന് പ്രേരിപ്പിക്കുന്നത്.

ഗാന്ധിയന്‍ സമരം നടത്തുമെന്ന് പറഞ്ഞവര്‍ കല്ല് പിഴുതെടുക്കലും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമ സമരങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മുഴുവന്‍ മാവോയിസ്റ്റ് മോഡല്‍ സമരമാണെന്നും ജയരാജന്‍ പറഞ്ഞു.ഭൂ ഉടമകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. ആ നഷ്ടപരിഹാരത്തില്‍ ഭൂ ഉടമകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെങ്കില്‍ പരിഹരിക്കണം. അതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു