Kerala
നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം; ജയിലില്‍ നിരാഹാര സമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്
മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും.

കോഴിക്കോട്|വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. രൂപേഷിന്റെ ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍ എന്ന രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാനാണ് അനുമതി തേടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് നിരാഹാരസമരത്തിന് തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു.
നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അധികൃതര്‍ വാക്കാല്‍ അറിയിച്ചെന്നും ഷൈന പറഞ്ഞു. നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ല. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ശനമാണുള്ളതെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.
2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലാണ് വസന്തത്തിന്റെ പൂമരങ്ങള്‍. 2015 മെയ് 4 ന് കോയമ്പത്തൂരില്‍ വെച്ച് ഷൈനയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പമാണ് രൂപേഷും അറസ്റ്റിലായത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു. രൂപേഷിനെതിരെ 43 കേസുകളാണുള്ളത്. 2015ല്‍ ജയിലില്‍ ആയിരിക്കെയാണ് രൂപേഷ് എംഎ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തത്വശാസ്ത്രത്തില്‍ പിജി ചെയ്യുകയാണ്.