National
ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; ചൈനയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായ അരുണാചൽ പ്രദേശിനെയും അക്സായ് ചിന്നിനെയും ചൈനയുടെ അതിർത്തിയിൾ ഉൾപ്പെടുത്തിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
ന്യൂഡൽഹി | ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു. ചൈനയുടെ അവകാശവാദത്തിന് അടിസ്ഥാനമില്ലാതത്തിനാൽ അത് തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ ഇത്തരം നടപടികൾ അതിർത്തി പ്രശ്നം പരിഹരിക്കുന്നത് സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ ചൈനയുടെ ഭൂപടത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായ അരുണാചൽ പ്രദേശിനെയും അക്സായ് ചിന്നിനെയും ചൈനയുടെ അതിർത്തിയിൾ ഉൾപ്പെടുത്തിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
ഭൂപടത്തിൽ തായ്‌വാൻ ദ്വീപും ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ചൈനീസ് പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങളിൽ എതിർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.