Connect with us

buffer zone map

ബഫർസോണിൽ സർവേ നമ്പർ ചേർത്ത് ഭൂപടം: ഒഴിയാതെ ആശങ്ക

ഏഴ് വരെ പരാതി നൽകാം • വിദഗ്ധ സമിതി കാലാവധി ഫെബ്രുവരി എട്ട് വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം | ബഫർസോണിൽ ആശയക്കുഴപ്പം വർധിപ്പിച്ച് പുതിയ ഭൂപടം. കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപോർട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സർവേ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഒരേ സർവേ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി.

ഭൂപടത്തിന്മേലുള്ള പരാതികളിൽ അതിവേഗം പരിശോധന പൂർത്തിയാക്കി സുപ്രീം കോടതിക്ക് റിപോർട്ട് നൽകാനുള്ള നീക്കത്തിലാണ് സർക്കാർ. വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള ബഫർസോൺ ഭൂപടം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

അകത്തും പുറത്തും

സർവേ നമ്പർ നോക്കി ജനവാസ കേന്ദ്രങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുകയായിരുന്നു പുതിയ ഭൂപടത്തിലൂടെ ലക്ഷ്യമിട്ടത്. ഭൂപടത്തിൽ മാർക്ക് ചെയ്ത ഒരേ സർവേ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഇത്തരം പരാതികൾ എങ്ങനെ തീർക്കുമെന്ന കാര്യത്തിൽ സങ്കീർണത നിലനിൽക്കുകയാണ്. ഒരു സർവേ നമ്പറിൽ തന്നെ കൂടുതൽ ഭൂമിയുള്ള സാഹചര്യത്തിലാണിതെന്നും പരാതി ലഭിക്കുന്ന മുറക്ക് പരിഹരിക്കാമെന്നുമാണ് സർക്കാർ ഉറപ്പ് നൽകുന്നത്. ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സൈലന്റ്‌വാലിക്ക് പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭൂപടമായിരുന്നു ഉണ്ടായിരുന്നത്.

ജനവാസ മേഖല കുറഞ്ഞ സൈലന്റ് വാലി ബഫർസോണിൽ ജനവാസ കേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖല കൂടിയ പെരിങ്ങോട്ടുകുറിശ്ശിയിൽ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. സൈലന്റ് വാലിയുമായി അതിർത്തി പങ്കിടാത്ത മണ്ണാർക്കാട് നഗരസഭ നേരത്തേയുള്ള ഭൂപടത്തിൽ ബഫർസോൺ പരിധിയിലായിരുന്നു. പുതിയ ഭൂപടത്തിൽ ബഫർസോണിൽ നിന്ന് ഒഴിവായിട്ടുണ്ട്. പുതിയ ഭൂപടത്തിൽ ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് നൽകിയത്. പരാതികൾ ജനുവരി ഏഴ് മുതൽ നൽകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

പരാതികളിൽ സ്ഥല പരിശോധന നടത്തി റിപോർട്ട് തയ്യാറാക്കാനുള്ള വിദഗ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായുള്ള സമിതിയുടെ കാലാവധി അടുത്ത ഫെബ്രുവരി എട്ട് വരെയാണ് നീട്ടിനൽകിയത്. ബഫർസോണുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ഫീൽഡ് വെരിഫിക്കേഷന് വേണ്ടി വാർഡ് തലത്തിൽ സമിതികൾ രൂപവത്കരിക്കുന്നതിനും പരാതി ലഭിച്ചാലുടൻ പരിശോധന നടത്തുന്നതിനും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest