Connect with us

പ്രവാസം

അജ്മാൻ പാലസിലെ മാപ്പിളപ്പാട്ടും ഒപ്പനയും

ഗൾഫ് നാടുകളിൽ കാണുന്ന ഈ മതമൈത്രിയും സൗഹാർദവും നമ്മേ പുളകിതരാക്കുന്നു. വ്യത്യസ്ത ഭൂമികയിൽ നിന്നു വന്നെത്തിയ വിഭിന്ന സംസ്‌കൃതിയുടെ ദീപവാഹകർ ഇവിടെ പുലർത്തുന്ന സൗഹൃദത്തിന്റെ മധുരിമ നിഷ്‌കപടമായ മാനുഷിക നന്മയുടെ നിർദേശങ്ങളാണ്. ഈ സഹവർത്തിത്വവും ഐക്യവും പ്രവാസ ഭൂമിയിലെ ഓരോ കോണിലെയും സാധാരണ കാഴ്ചയാണ്. സ്പർധരഹിതമായ ഈ ജീവിതവും വിശ്രാന്തിയും പ്രവാസ ജീവിതത്തിൽ ഇവർക്ക് അതിരുകളില്ലാത്ത മനഃസുഖം നൽകുന്നു.

Published

|

Last Updated

ജ്മാൻ പാലസ്സിലെ ഈദ് ആഘോഷം മനസ്സിലെ മായാത്ത ഓർമയാണ്. ഗൾഫിലെത്തിയ ശേഷമുള്ള എന്റെ ആദ്യ പെരുന്നാൾ. വിഭവസമൃദ്ധമായ വിരുന്നിനു ശേഷം മെഹഫിൽ ആരംഭിച്ചു. മാപ്പിളപ്പാട്ട് ഗായകൻ പള്ളിക്കര കുട്ട്യാലി അവതരിപ്പിച്ച മാപ്പിള കലാമേളയായിരുന്നു ആഘോഷത്തിലെ ആകർഷണീയത. കുട്ട്യാലിക്ക പാടിയ “മിഅ്‌റാജ് രാവിലെ കാറ്റേ….’ തുടങ്ങിയ ഗാനങ്ങളും കോഴിക്കോടൻ ഒപ്പനയും ഈദ് പ്രമാണിച്ച് മജ്‌ലിസ്സിൽ വന്ന അറബി പ്രമുഖരും കുടുംബാംഗങ്ങളും ആസ്വദിച്ചു. ഗൾഫിലെ ആചാരങ്ങളിലും ഇഫ്ത്വാർ വിരുന്നിലും ഈദ് ആഘോഷങ്ങളിലും കാണുന്ന കേരളീയത നമ്മെ വിസ്മയിപ്പിക്കുന്നു. ഗൾഫിൽ എത്തിയ ശേഷം നിരവധി നോമ്പും പെരുന്നാളും പിന്നിട്ടെങ്കിലും ആദ്യത്തെ നോമ്പ് തുറയും കന്നിപ്പെരുന്നാളും മനസ്സിൽ മായാത്ത ഓർമയാണ്.

ദുബൈ സീപോർട്ടിൽ ജോലി ചെയ്യുന്ന കോട്ടക്കൽ സ്വദേശി സൈതലവിയുടെ റൂമിലായിരുന്നു ആദ്യ നോമ്പുതുറ. സൈതലവി പള്ളിയിൽ കണ്ടപ്പോൾ പറഞ്ഞു : “കോയക്കയുടെ ആദ്യ നോമ്പല്ലേ, നാളെ നമ്മുടെ റൂമിൽ നോമ്പ് തുറക്കാം’.തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ രമേശ്, ബാബു, സേതു എന്നിവരാണ് സൈതലവിയുടെ കൂടെ താമസിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ അവരെല്ലാവരും ചേർന്ന് നോമ്പ് തുറക്കുള്ള വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
സമൃദ്ധമായ ഇഫ്ത്വാർ അറബി പലഹാരങ്ങൾക്കൊപ്പം മലബാർ പത്തിരി, കോഴിക്കറി, ചുട്ടതും കരിച്ചതും പൊരിച്ചതുമായ മൽസ്യം, പഴങ്ങൾ, ഈത്തപ്പഴത്തിന്റെ ചാറ്. ഇതിൽ പലതും അടുത്തുള്ള അറബി വീടുകളിൽനിന്ന് നൽകിയതാണെന്ന് സൈതലവി പറഞ്ഞു. ഞാൻ അജ്മാനിൽ പുതിയ ആളായതുകൊണ്ട് നോന്പുതുറക്ക് അടുത്ത റൂമിലുള്ളവർ ക്ഷണിക്കും. ചാവക്കാട് സ്വദേശി അബ്ദുൽ ഖാദറിന്റെ റൂമിലെ നോമ്പുതുറ മറ്റൊരനുഭവം. അബ്ദുൽ ഖാദറും ശശിയും ജോണും അജ്മാനിൽ കറാമയിലാണ് താമസം.

ഇടുങ്ങിയ മുറിയാണെങ്കിലും അബ്ദുൽ ഖാദറിനു നിസ്‌കാരത്തിന് സൗകര്യമൊരുക്കുന്നത് ശശിയും ജോണും ചേർന്നിട്ടാണ്. ശശി പറഞ്ഞു: “നോമ്പ് നോറ്റത് ഖാദർക്ക ആണെങ്കിലും ഈ പുണ്യകർമത്തിൽ ഞങ്ങളും പങ്കുചേരുന്നു’.കോഴിക്കോട് സാഗർ ഹോട്ടലിലെ മുൻ പാചകക്കാരനായ ശശി പാകം ചെയ്ത സ്വാദിഷ്ടമായ പലഹാരങ്ങൾ ആസ്വദിച്ച് ഞങ്ങൾ ഒന്നിച്ചിരുന്നു നോമ്പ് തുറന്നു.

ഗൾഫ് നാടുകളിൽ കാണുന്ന ഈ മതമൈത്രിയും സൗഹാർദവും നമ്മേ പുളകിതരാക്കുന്നു. വ്യത്യസ്ത ഭൂമികയിൽ നിന്നു വന്നെത്തിയ വിഭിന്ന സംസ്‌കൃതിയുടെ ദീപവാഹകർ ഇവിടെ പുലർത്തുന്ന സൗഹൃദത്തിന്റെ മധുരിമ നിഷ്‌കപടമായ മാനുഷിക നന്മയുടെ നിർദേശങ്ങളാണ്. ഈ സഹവർത്തിത്വവും ഐക്യവും പ്രവാസ ഭൂമിയിലെ ഓരോ കോണിലെയും സാധാരണ കാഴ്ചയാണ്. സ്പർധരഹിതമായ ഈ ജീവിതവും വിശ്രാന്തിയും പ്രവാസ ജീവിതത്തിൽ ഇവർക്ക് അതിരുകളില്ലാത്ത മനഃസുഖം നൽകുന്നു.

ഉപവാസത്തിന്റെ പകലുകളും ദൈവസങ്കീർത്തനമുയരുന്ന രാത്രികളുമായ റമസാനിലെ 30 ദിവസം പിന്നിട്ടു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞതോടെ പള്ളികളിൽ തക്ബീർ ധ്വനി മുഴങ്ങി. നാളെ ഈദുർ ഫിത്വർ.ഞാനും റഷീദ്ക്കയും പുതുവസ്ത്രങ്ങൾ ധരിച്ച് പെരുന്നാൾ നിസ്‌കാരത്തിന് പള്ളിയിലേക്കു പുറപ്പെട്ടു. വഴിയിലുടനീളം പെരുന്നാൾ കച്ചവടത്തിനുള്ള ഒരുക്കങ്ങൾ. പെരുന്നാൾ നിസ്‌കാരത്തിനു ശേഷമാണ് വഴിവാണിഭം ആരംഭിക്കുക. തെരുവു കച്ചവടം യു എ ഇയിൽ നിരോധിച്ചതാണെങ്കിലും പെരുന്നാൾ ദിവസം ഇത് അനുവദിച്ചിരിക്കുകയാണ്. കച്ചവടക്കാരിലേറെയും മലയാളികളും പഠാണികളും. വിൽപ്പനക്ക് നിരത്തിവെച്ച കളിക്കോപ്പുകൾ, അകാൽ, കൻദൂറ, തസ്‌വി, കസവ് തൊപ്പി, അത്തർ, മൈലാഞ്ചി പേക്കറ്റ്, കൗതുക വസ്തുക്കൾ…

നിസ്‌കാരത്തിനു ശേഷം മുതലാളി ക്ഷണിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ പാലസ്സിലേക്കു നടന്നു. അലി ഹുമൈദ് അൽകുമൈത്തി യു എ ഇയിലെ പ്രമുഖ വ്യവസായിയാണ്. ഞങ്ങളുടെ മുമ്പിൽ പെരുന്നാൾ വിഭവങ്ങൾ നിരന്നു. ഒരു വലിയ തളികയിൽ ബിരിയാണി. മധ്യത്തിൽ ഒലീവ് എണ്ണയിൽ വേവിച്ചെടുത്ത ആട്, ചുട്ട മത്സ്യം, കോഴി, പഴങ്ങൾ, പലഹാരങ്ങൾ… ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയത് അന്യ നാട്ടിൽനിന്ന് ഉപജീവനത്തിന്റെ വറ്റ് തേടി എത്തിയ ഞങ്ങളിലേക്ക് ആതിഥേയൻ ഇറങ്ങിവന്നു ഇരിപ്പിടത്തിൽ ഒട്ടിച്ചേർന്നിരുന്നു സ്‌നേഹാന്വേഷണം നടത്തുന്നു. നൈർമല്യം തുളുമ്പുന്ന അറബ് ലോകത്തിന്റെ ആതിഥേയത്വത്തിന്റെയും ഉപചാരത്തിന്റെയും മഹനീയ ദൃശ്യം. തുറന്ന മനസ്സോടെ പരസ്പരം സ്‌നേഹിക്കുന്ന അറബ് സമൂഹം. അലി ഹുമൈത്തിയുടെ ഈദ് വിരുന്നിൽ പങ്കെടുത്തവർ ഏറെയും മലയാളികളായിരുന്നു.

“ക്ഷണത്തിനു ശേഷം മെഹ്ഫിൽ ആരംഭിച്ചു. അറബ് ഗായകൻ യൂസുഫ് യാക്കൂബ് അൽ സർക്കിളിന്റെ അറബ് ഗസലോടുകൂടിയാണ് മെഹ്ഫിൽ ആരംഭിച്ചത്. മാപ്പിളപ്പാട്ട് ഗായകൻ പള്ളിക്കര കുട്ട്യാലി അവതരിപ്പിച്ച മാപ്പിള കലാമേളയായിരുന്നു ആഘോഷത്തിലെ ആകർഷണീയത. കുട്ട്യാലിക്ക പാടിയ “മിഅ്‌റാജ് രാവിലെ കാറ്റേ’, “മാണിക്യമലരായ പൂവി’, “മണിമുത്ത് രാജ്ഞി’… തുടങ്ങിയ മാപ്പിളപ്പാട്ടുകളും അതിനു ശേഷം നടന്ന കോഴിക്കോടൻ ഒപ്പനയും ഈദ് പ്രമാണിച്ച മജ്‌ലിസിൽ വന്ന അറബി പ്രമുഖരും കുടുംബാംഗങ്ങളും ഏറെ ആസ്വദിച്ചു. ഗൾഫിലെ ഇഫ്്ത്വാർ വിരുന്നിലും ഈദ് ആഘോഷങ്ങളിലും കാണുന്ന കേരളീയത നമ്മെ വിസ്മയിപ്പിക്കുന്നു.

Latest