Kerala
മാപ്പിളപ്പാട്ട് രചയിതാവ് കെ സി അബൂബക്കര്‍ അന്തരിച്ചു
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഗാനരചന നടത്തിവന്നു
ചെലവൂര്‍ | മാപ്പിളപ്പാട്ട് രചയിതാവും ചിന്തകനുമായിരുന്ന ചെലവൂര്‍ കെ സി എന്ന പേരിലറിയപ്പെട്ടിരുന്ന കെ സി അബൂബക്കര്‍ (95) അന്തരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഗാനരചന നടത്തിവന്നു. 1950 കളില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശമിത്രം മാസിക, അല്‍ബയാന്‍, സുബുല സലാം തുടങ്ങിയ സാമുദായിക മാസികകളിലും രചനകള്‍ പ്രസിദ്ധീകരിച്ചു 1956-62 കാലത്ത് ചെലവൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. ചെലവൂരിലെ എസ് വൈ എസ് സ്ഥാപക സിക്രട്ടറി, ചെലവൂര്‍ മദ്രസ്സ സ്ഥാപക സെക്രട്ടറി, പള്ളികമ്മറ്റി സ്ഥാപക സെക്രട്ടറി,1982 ല്‍ പാലക്കാട് കേന്ദ്രമായി സ്ഥാപിച്ച കേരള സംസ്ഥാന കായികാഭ്യാസ കളരി സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന മാപ്പിള കലാവേദി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലളിലും പ്രവര്‍ത്തിച്ചിരുന്നു.
1950 മുതല്‍ ആധാരം എഴുത്ത് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം യൂനിയന്‍ ജില്ല പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. മലയാളം ഉര്‍ദു ഭാഷകളില്‍ 1970 കളില്‍ തുടങ്ങി 1980 കളിലും മാപ്പിളപ്പാട്ട് ഭക്തിഗാനങ്ങള്‍ എന്നിവയില്‍ അംഗീകൃത ആകാശവാണി ഗായകനായിരുന്നു. 1970 കളില്‍ മദ്രാസില്‍ നിന്ന് ഗ്രാമഫോണ്‍ റിക്കാര്‍ഡ് ആര്‍ട്ടിസ്റ്റായി ധാരാളം കാസറ്റുകളും സീ ഡി.കളും പ്രസിദ്ധീകരിച്ചു.
രാഷ്ട്രീയം കലാകായികം മതപര തുടങ്ങി വിവിധ ഇനങ്ങളില്‍ പ്രസിദ്ധരായ മുസ്ലിം സമുദായത്തില്‍നിന്ന് നാനൂറില്‍ പരം ആളുകളെ തെരഞ്ഞെടുത്ത് എറണാകുളത്ത് നിന്ന് 1985ല്‍ പ്രസിദ്ധീകരിച്ച മലയാളി മുസ്ലിം മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ ലഘു ജീവചരിത്രം പ്രസിദ്ധീകരിച്ചു. സാക്ഷാല്‍ ഏക ദൈവത്തെ കാണാം, കണ്ടെത്താം എവിടെ എങ്ങിനെ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
കേരള മാപ്പിള കലാ അക്കാദമിയുടെ മികച്ച ഗനരചയിതാവ്, ഗായകന്‍ എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു ഭാഷകളില്‍ ഗാനരചന നടത്തിയതിനും ആകാശവാണിയില്‍ സ്വന്തം രചനകള്‍ മാത്രം പാടിയതിനും ആള്‍ കേരള മാപ്പിള സാഹിത്യ അക്കാദമിയുടെ ്അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യമാര്‍: സുഹറാബി, പരേതയായ ഫാത്തിമബി
മക്കള്‍ ഫസലുല്‍ ഹഖ് (ചേരാനല്ലൂര്‍ മര്‍കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എറണാകുളം), അമീര്‍ ഹസന്‍ ആസ്ട്രേലിയ, ബല്‍ക്കീസ്
ജാമാതാവ് : ഖമറുദ്ദീന്‍
മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 2 മണിക്ക് ചെലവൂര്‍ പുളിക്കല്‍ പള്ളിയില്‍