Connect with us

Prathivaram

കുന്നിൻ ചെരിവിലെ മഖ്ബറ

കുന്ന് കയറി സമനിരപ്പായ ചെറിയ പ്രദേശം. മനോഹരമായ പള്ളി. പള്ളിക്ക് പിറകിൽ ഒരു മഖ്ബറയും കാണാൻ കഴിയും. പള്ളിയുടെ പിറകിലുള്ള മഖ്ബറയിലാണ് മുആദ് ബ്നു ജബൽ (റ) ൻ്റെയും സ്വഹാബിയായ മകൻ അബ്ദുല്ല (റ) ൻ്റെയും മഖ്ബറ. മുആദ് ബ്നു ജബൽ (റ) ൻ്റെ ചാരത്തെത്തുകയെന്നത് സന്തോഷകരമായ ഒരനുഭവമാണ്.

Published

|

Last Updated

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നിന്ന് ഫലസ്തീൻ അതിർത്തിയോട് ചേർന്ന കിഴക്കുഭാഗത്തേക്ക് രണ്ട് മണിക്കൂറോളം സഞ്ചരിച്ചാൽ മുആദ്ബ്നു ജബൽ (റ)ന്റെ മഖ്ബറയിലെത്തും. ഒരു കുന്നിൻ പ്രദേശത്താണ് മഹാനവറുകളുടെ വിശ്രമ സ്ഥലം. മുആദ്ബ്നു ജബൽ (റ) ന്റെ മഖ്ബറ എന്ന ബോർഡ് മഖ്ബറയോട് ചേർന്ന് പലയിടങ്ങളിലായി കാണാൻ കഴിയും.

കുന്ന് കയറി സമനിരപ്പായ ഒരു ചെറിയ പ്രദേശം. മനോഹരമായ പള്ളി. പള്ളിക്ക് പിറകിൽ ഒരു മഖ്ബറയും നമുക്ക് കാണാൻ കഴിയും. പള്ളിയുടെ പിറകിലുള്ള മഖ്ബറയിലാണ് മുആദ് ബ്നു ജബൽ (റ) ന്റെയും സ്വഹാബി തന്നെയായ മകൻ അബ്ദുല്ല (റ) ന്റെയും മഖ്ബറ. കേരളീയരെ സംബന്ധിച്ചിടത്തോളം മുആദ് ബ്നു ജബൽ (റ) ന്റെ ചാരത്തെത്തുമ്പോൾ വളരെ സന്തോഷകരമായ ഒരനുഭവമാണ്.

തിരു നബി (സ) തങ്ങൾ പറഞ്ഞു: “എന്റെ ഉമ്മത്തിൽ മതവിധികൾ ഏറ്റവും കൂടുതലായി അറിയുന്ന ആൾ മുആദ് ബ്നു ജബൽ ആകുന്നു.’
ഈ മുആദ് (റ)നെയാണ് യമനിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി നബി (സ) തങ്ങൾ നിയോഗിച്ചത്. മുആദ്(റ), തിരുനബി (സ) തങ്ങളുടെ പ്രത്യേക അനുവാദപ്രകാരം യമനിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി പുറപ്പെടുകയാണ്. തിരുനബി (സ) യെ പിരിഞ്ഞിരിക്കുന്നതിൽ വലിയ സങ്കടമുണ്ടായിരുന്നു. അപ്പോഴാണ് നീ കാരണമായി ഒരാൾ ഹിദായത്തിലേക്ക് എത്തുന്നത് ദുനിയാവ് മുഴുവൻ നിനക്ക് ലഭിക്കുന്നതിനേക്കാൾ നല്ലതാണ് എന്ന ദഅ് വത്തിന്റെ പ്രതിഫലം നബി (സ) തങ്ങൾ ഓർമപ്പെടുത്തിയത്.

മദീനയിൽ നിന്ന് നേരെ യമനിലേക്ക് ഈ ദൗത്യവുമായി മഹാനായ മുആദ്(റ) പുറപ്പെട്ടു. ചെറുപ്പക്കാരനായ മഹാൻ അതീവ താത്പര്യത്തോടെ യമനിലെത്തി പ്രബോധനം സജീവമായി നടത്തുക തന്നെ ചെയ്തു.യമൻ മുആദ് (റ) കാരണമായി ഇസ്‌ലാമിക വെളിച്ചം സ്വീകരിച്ചു.
ഇസ്്ലാമിന്റെ തനിമ പൂർണമായി ഉൾക്കൊള്ളുകയും തനിമയോട് കൂടി തന്നെ ഇസ്‌ലാം നിലനിർത്താനുള്ള പ്രത്യേക അവസ്ഥയിലേക്ക് യമൻകാർ വളർന്നു വരികയും ചെയ്തു.
യമനികൾ ഇസ്‌ലാം സ്വീകരിച്ച് മദീനയിലെത്തിയപ്പോൾ നബി(സ) തങ്ങൾ വലിയ ആവേശത്തോടെ അവരെ സ്വീകരിക്കുകയും തക്ബീർ മുഴക്കുകയും ചെയ്തു. എന്നിട്ട് അവിടുന്ന് പറഞ്ഞു: യഥാർഥ വിശ്വാസം യമനികമാണ്, യഥാർഥ ഫിഖ്‌ഹ് അതും യമനികമാണ്. യമനിൽ പ്രചരിക്കുന്ന ഇസ്‌ലാം യഥാർഥ ഇസ്‌ലാമാണെന്നും ആ തനിമ യമനിൽ നിലനിൽക്കുമെന്നുമാണ് നബി (സ) തങ്ങൾ പറഞ്ഞതിന്റെ താത്പര്യം.

ഇതിനെല്ലാം നേതൃത്വം നൽകിയതും മതനിയമങ്ങൾ ശരിക്ക് പഠിക്കുകയും, അത് വളരെ നല്ല നിലയിൽ പഠിപ്പിക്കുകയും ചെയ്ത മുആദ് (റ) ആണ്.
യമനിൽ നിന്നാണ് കേരളത്തിലേക്ക് ഇസ്‌ലാം വന്നത് എന്നതുകൊണ്ട് കേരളക്കാർ മുആദ് (റ) വിനോട് കടപ്പെട്ടവരാണ്.

ബഹുമാനപ്പെട്ട മുആദ്(റ) ന്റെ ചാരത്ത് സിയാറത്തിന് എത്തുമ്പോൾ തീർച്ചയായും ഈ ബോധം നമ്മുടെ മനസ്സിൽ വരും.

കേരളത്തിലെ പൗരാണിക മുസ്‌ലിം കുടുംബങ്ങളെ എടുത്ത് പരിശോധിക്കുമ്പോൾ എല്ലാം യമനിൽ നിന്ന് വന്നവരാണ്. ഒമാനും യമനും അവിഭക്ത യമനിന്റെ ഭാഗം തന്നെയാണ്. യമനിലും ഒമാനിലും ഇന്ന് പ്രചരിച്ച പല ആചാരങ്ങളും കേരളത്തിലും അതേപടി ഉള്ളതായി നമുക്ക് മനസ്സിലാക്കാൻ കഴിയും. യമനിൽ നിന്നാണ് കേരളത്തിലേക്ക് ആചാര- അനുഷ്ഠാനങ്ങൾ പകർത്തിയെടുത്തത് എന്നതിനാലാണ് ഈ സാമ്യമനുഭവപ്പെടുന്നത്. കേരളീയ ഇസ്്ലാമിക രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ മഖ്ദൂമുമാർ, സാദാത്തുക്കൾ ഇവരെല്ലാം യമനിൽ നിന്ന് വന്നവരാണ്. കേരളത്തിലെ ബുഖാരി തങ്ങന്മാർ അല്ലാത്ത എല്ലാ സാദാത്തുക്കളും യമനിൽ നിന്നും കേരളത്തിലേക്ക് വന്നവരാണ്.

വിശദമായ ഒരു പഠനം ഇവിടെ നടത്തുമ്പോൾ, നമ്മുടെ രാജ്യവും യമനും തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്ക് മനസ്സിലാക്കാൻ കഴിയും.

ഇവിടെയെല്ലാം യമനിലെ ഖാളി എന്ന നിലയിലും ഈ ഉമ്മത്തിലെ പണ്ഡിതൻ എന്ന നിലയിലും പ്രസിദ്ധനായ മുആദ്(റ)ന്റെ സാനിധ്യമാണ് ഈ രാജ്യത്തെ ഇത്രമേൽ ഇസ്്ലാമികവത്കരിച്ചത്.
ഇസ്‌ലാമിക തനിമ മദീനയിൽ നിന്ന് മുആദ്( റ ) മനസ്സിലാക്കുകയും അതേ പടി യമനിൽ പ്രചരിപ്പിക്കുകയും ചെയ്തു. യമനിൽ നിന്ന് കലർപ്പില്ലാത്ത ഇസ്‌ലാം കേരളീയരായ നമുക്ക് പണ്ഡിതരിലൂടെ, സാദാത്തുക്കളിലൂടെ ലഭിച്ചു.

ഈ നിലയിൽ മുആദ് (റ) നോട് നമ്മുടെ രാജ്യത്തുള്ള മുസ്്ലിംകൾക്ക് വലിയ കടപ്പാടുണ്ട്.
മുആദ് ( റ ) ന്റെ മഖ്ബറയിലെത്തുമ്പോൾ, തീർച്ചയായും നമ്മുടെ മനസ്സിലേക്ക് ഈ ചരിത്രബോധം അവരോടുള്ള കടപ്പാട് ശക്തിപ്പെടുത്തുന്നു. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിനോടൊപ്പമാണ് ആദ്യമായി ഈ മഖ്ബറയിൽ എത്തുന്നത്. അൻപതോളം ആളുകൾ സംഘത്തിലുണ്ടായിരുന്നു. മഖ്ബറയുടെ ഉള്ളിൽ കയറി മുആദ്( റ ) ന്റെ മഖ്ബറ സിയാറത്ത് ചെയ്തതിനു ശേഷം, അവിടെ വെച്ച് ഉസ്താദ് മഹാനവർകളെ പരിചയപ്പെടുത്തി.
തിരുനബി (സ) ഒരിക്കൽ മുആദ്(റ)നോട് പറഞ്ഞു: “മുആദ്, ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഒരു പ്രത്യേക ദിക്ർ നിങ്ങൾ ചൊല്ലണം.’ അല്ലാഹുമ്മ അഇന്നി അലാ ദിഖ് രിക വ ശുക് രിക വ ഹുസ്നി ഇബാദത്തിക് . മുആദ് (റ) തന്റെ പ്രിയപ്പെട്ട മകനോട് ഇതേപോലെ പറഞ്ഞു. മുആദ്(റ) ന്റെ പിറകിലായി, മകന്റെ മഖ്ബറയുണ്ട്.
കാന്തപുരം ഉസ്താദ് അന്ന് പറഞ്ഞത് ഓർക്കുന്നു, ഈ മുആദ്(റ) ഈ മകനോട് അങ്ങനെ പറഞ്ഞു. ആ മകൻ തന്റെ ശിഷ്യനോട് പറഞ്ഞു. അവർ തന്റെ ശിഷ്യനോട് പറഞ്ഞു.
ആ പരമ്പര എണ്ണിയെണ്ണി ഉസ്താദ് തുടർന്നു ഒരു നൂറ്റാണ്ടോളം പരിശുദ്ധ മക്കയിൽ ദീനി പ്രബോധന രംഗത്ത് സജീവ സാനിധ്യമായിരുന്ന “മുഹമ്മദ് യാസീൻ അൽ ഫാസാനി എന്ന പണ്ഡിതന്റെ പേര് എത്തി. ആ പണ്ഡിതനോട് അവരുടെ ഉസ്താദും ഇതേ പോലെ പറഞ്ഞു. ശേഷം കാന്തപുരം ഉസ്താദ് പറഞ്ഞു.

ആ മഹാനായ പണ്ഡിതൻ പരിശുദ്ധ ഹറമിൽ വെച്ച് എന്നോട് പറഞ്ഞു: “ഷെയ്ഖ് അബൂബക്കർ, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. നിസ്കാര ശേഷം ഈ ദിക്ർ നിങ്ങൾ ചൊല്ലണം’.
ഒന്ന് നിർത്തിയിട്ട്, വന്ദ്യരായ ശൈഖുനാ ഉസ്താദ് മുആദ്( റ )ന്റെ മഖ്ബറയോട് ചേർന്ന് നിന്ന് അവിടെ ഒരുമിച്ചു കൂടിയ ഞങ്ങളോടായി പറഞ്ഞു: “എന്റെ ഉസ്താദ് എന്നോട് പറഞ്ഞതു പോലെ, ആ ഉസ്താദിനോട് ഉസ്താദിന്റെ ഉസ്താദ് പറഞ്ഞതു പോലെ, അവസാനം ഈ മകനോട് ഉപ്പയായ മുആദ്( റ ) പറഞ്ഞതു പോലെ, ശേഷം മുആദ്( റ ) നോട് തിരുനബി (സ) പറഞ്ഞത് പോലെ, ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഈ ദിക്ർ നിങ്ങൾ ചൊല്ലണം.’

വളരെ ഹൃദ്യമായ അനുഭൂതിയായിരുന്നു ആ സമയത്ത്. നിറകണ്ണുകളോടെ, എല്ലാവരും “ഖബിൽത്തു’ എന്ന് പറഞ്ഞ് ഉസ്താദിൽ നിന്നും ആ ദിക്ർ സ്വീകരിച്ചു. യാത്രയിലെ വളരെ സന്തോഷകരമായ അനുഭവം.

Latest