Kerala
മാരാമണ്‍ കണ്‍വന്‍ഷന്‍: ആര്‍ എസ് എസ് മേധാവിയുടെ വാക്കുകള്‍ ഏറ്റുപറഞ്ഞ് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞതിനു പിന്‍തുണയെന്ന് പ്രസംഗം

പത്തനംതിട്ട | ആര്‍ എസ് എസ് മേധാവിയുടെ വാക്കുകള്‍ ഏറ്റുപറഞ്ഞു പിന്‍തുണ അര്‍പ്പിച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആര്‍ എസ് എസ് മേധാവിയെ ഏറ്റുപറഞ്ഞുകൊണ്ടുള്ള പ്രസംഗം.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പങ്കെടുത്ത് ലഹരിക്കെതിരായ പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്ന് ആഹ്വാനം ചെയ്ത ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ എടുത്ത് പറഞ്ഞാണ് അദ്ദേഹം ശരിവച്ചത്.
എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കവും പത്തനംതിട്ടയിലെ പോലീസ് അതിക്രമവും അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത രംഗത്തുവന്നത്.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും സഭയുടെ ആശങ്ക പ്രകടിപ്പിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സമൂഹത്തെ മദ്യത്തില്‍ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്റെന്നും മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ പറഞ്ഞു. മദ്യത്തില്‍ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാല്‍ അത് നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പോലീസ് ഇടപെടലില്‍ തുടങ്ങി മദ്യ നയത്തില്‍ വരെ സര്‍ക്കാരിന് പിടിപ്പുകേടെന്ന് തുറന്നടിച്ചായിരുന്നു പ്രസംഗം.
പോലീസ് ജനങ്ങളുടെ സംരക്ഷരാണെന്ന കാര്യം മറക്കരുതെന്നായിരുന്നുവെന്നാണ് പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിലെ വിമര്‍ശനം. പത്തനംതിട്ടയില്‍ നടന്നത് പോലീസിന്റെ നര നായാട്ടാണ്. പോലീസ് ജനങ്ങളുടെ സംരക്ഷകര്‍ ആണ് എന്നത് മറക്കരുത്. സാമൂഹ്യ മാധ്യമ ഇടങ്ങള്‍ സത്യത്തിന്റെ കുരുതിക്കളമാകുന്നു. ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നു. അക്രമവാസനയും രാഷ്ട്രീയ വിധേയത്വവും അല്ല പോലീസിനെ നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലും അദ്ദേഹം സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിച്ചു. സര്‍കാരിന് നേതൃത്വം നല്‍കുന്നവര്‍ നീതിബോധം കൈ വിടരുതെന്നും ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇച്ഛാ ശക്തി കാണിക്കണമെന്നും വന്യ ജീവി ആക്രമണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികള്‍ക്ക് കാട്ടില്‍ തന്നെ ഭക്ഷണം ഒരുക്കണമെന്നും മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ചൂണ്ടികാട്ടി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വീണ ജോര്‍ജ്, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ മാരമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.