Kozhikode
മര്‍കസ് കോളജ് ലൈബ്രറിയുടെ പ്രഥമ പുസ്തകം 'ഇല' പ്രകാശനം ചെയ്തു
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ജാബിര്‍ കാപ്പാടിന്റെ കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്.
കാരന്തൂര്‍ | മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ജനറല്‍ ലൈബ്രറി പുറത്തിറക്കിയ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ജാബിര്‍ കാപ്പാടിന്റെ കവിതാ സമാഹാരമായ ‘ഇല’ യാണ് എഴുത്തുകാരി ഗിരിജ പാതേക്കരയില്‍ നിന്ന് യുവ എഴുത്തുകാരി നന്ദിത ബിജു ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്.
ജാബിര്‍ കാപ്പാടിന്റെ കവിതകള്‍ തീക്ഷ്ണമായ ജീവിത പ്രശ്നങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന തികഞ്ഞ സാഹിത്യ രചനകളാണെന്ന് പ്രകാശന ചടങ്ങില്‍ ഗിരിജ പാതേക്കര പറഞ്ഞു.
പുസ്തകവായനാ കേന്ദ്രം എന്നതിലുപരി അറിവുത്പാദന കേന്ദ്രമായി മര്‍കസ് ലൈബ്രറിയെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പുസ്തക പ്രകാശന സംവിധാനം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പറോട് കൂടിയാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. കോളജ് ലൈബ്രറിക്ക് കീഴില്‍ പുസ്തകം പ്രസിദ്ധീകരിക്കുക എന്ന അപൂര്‍വ നേട്ടം കൂടിയാണ് ഇതുവഴി മര്‍കസ് കോളജ് ലൈബ്രറി കരസ്ഥമാക്കിയത്.
പ്രകാശന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍, പ്രൊഫ. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പുസ്തകങ്ങള്‍ കൂടുതല്‍ പുറത്തിറക്കുമെന്നും അതിനു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനായ ജ്യോതിഷ് പുസ്തക പരിചയം നടത്തി സംസാരിച്ചു.
രചയിതാവ് ജാബിര്‍ കാപ്പാട് മറുഭാഷണം നടത്തി. മുമ്പും രണ്ട് രചനകള്‍ പുറത്തിറക്കിയ തന്റെ മൂന്നാമത്തെ രചന അധ്യാപനം ചെയ്യുന്ന കോളജ് തന്നെ പുറത്തിറക്കിയതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. രാഘവന്‍, എഴുത്തുകാരനായ സി പി മുഹമ്മദ് അഷ്റഫ്, എ ഒ, സമീര്‍ സഖാഫി സംബന്ധിച്ചു. ലൈേ്രബറിയന്‍ കെ എസ് ബിന്ദു സ്വാഗതവും ലിറ്റററി ക്ലബ് സെക്രട്ടറി ഫാത്തിമ നന്ദിയും പറഞ്ഞു.