Articles
സാമൂഹിക നിര്‍മിതിയുടെ മര്‍കസ് മോഡല്‍
1978ല്‍ യതീംഖാനയും ശരീഅത്ത് കോളജും പള്ളിയുമായി കാരന്തൂരില്‍ തുടക്കമിട്ട സ്ഥാപനത്തിന് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ (സുന്നികളുടെ സാംസ്‌കാരിക കേന്ദ്രം) എന്നാണ് പേരിട്ടത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് എന്തിനാണ് പാരമ്പര്യ ഇസ്ലാമിക വിഭാഗത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്ന് പേര് വെച്ചത്? ദീര്‍ഘവീക്ഷണത്തില്‍ ഊന്നിയുള്ള കൃത്യവും സൂക്ഷ്മവുമായ ഒരു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ആ പേര്.
ആധുനിക ഭൗതിക പുരോഗതിയുടെ മാനദണ്ഡങ്ങളിലൂടെ അളന്ന് ‘സുന്നികള്‍’ എന്ന കാറ്റഗറിക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിനും തീര്‍ത്തും പിന്നാക്കവും പിന്തിരിപ്പന്മാരും എന്ന ലേബലൊട്ടിച്ച ഒരു കാലഘട്ടത്തിലാണ് ആ വിഭാഗത്തിന്റെ സംസ്‌കാരത്തിന്റെ കേന്ദ്രം എന്ന് വിളംബരം ചെയ്ത് മര്‍കസ് പിറവിയെടുക്കുന്നത്. (എ) വിജ്ഞാനാധിഷ്ഠിത ആദര്‍ശ വിളംബരം, (ബി) മത-ഭൗതിക വേര്‍തിരിവുകളില്ലാത്ത വിദ്യാഭ്യാസ നയം, (സി) സാമ്പത്തികമായ സുസ്ഥിരത, (ഡി) യാഥാര്‍ഥ്യബോധത്തോടെയുള്ള സ്വതന്ത്രമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്നിവ രൂപപ്പെടുത്തിയെടുക്കുമ്പോഴേ പാരമ്പര്യ ഇസ്ലാമിന്റെ സമ്പൂര്‍ണ പ്രകാശനം സാധ്യമാകൂ എന്ന് മര്‍കസിന്റെ സാരഥികള്‍ ദീര്‍ഘവീക്ഷണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മര്‍കസ് ശിലയിട്ടത് വ്യക്തമായ ഉള്‍ക്കാഴ്ചയുള്ള ഒരു ആശയത്തിനും സാമൂഹിക-സാംസ്‌കാരിക നിര്‍മിതിക്കുമായിരുന്നു.
ആധുനികതയുടെ എല്ലാ നല്ല വശങ്ങളും ക്രിയാത്മകമായി ആഗിരണം ചെയ്ത്, പാരമ്പര്യ സുന്നി സമൂഹത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക നിര്‍മിതിക്ക് മര്‍കസ് മാതൃക കാണിച്ച് നേതൃത്വം വഹിച്ചതുകൊണ്ടാണ് പാരമ്പര്യത്തിന്റെ മുഴുവന്‍ വിജ്ഞാനങ്ങളും വിശ്വാസത്തനിമയും ആചാരങ്ങളും വേഷവിധാനങ്ങളും അണിഞ്ഞുകൊണ്ട് ‘സുന്നി’ സമുദായം ഇന്ന് മുസ്ലിം പുരോഗതിയുടെ പര്യായമായി മാറിയത്. മര്‍കസ് മുന്നോട്ടുവെച്ച സാമൂഹിക നിര്‍മാണത്തിന്റെ മാതൃകയെ കേരളത്തിലും പുറത്തും വ്യക്തികളും മറ്റു സ്ഥാപനങ്ങളും അനുകരിച്ചു. മര്‍കസ് മോഡലിന്റെ സ്വീകാര്യതയുടെ പ്രത്യേകതയാണത്.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിരന്തരം സാമൂഹിക, സാമുദായിക ചലനത്തിന്റെ ദിശനിര്‍ണയിച്ചു കൊടുക്കാന്‍ പ്രാപ്തിയുള്ള സംരംഭങ്ങളും പദ്ധതികളും മുന്നോട്ടുവെക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് മര്‍കസ് മോഡല്‍ സാമൂഹിക നിര്‍മിതിയുടെ മറ്റൊരു പ്രത്യേകത. മര്‍കസ് സ്ഥാപിതമായ 1978കളിലും തുടര്‍ന്നുള്ള ദശകങ്ങളിലും ഉണ്ടായിരുന്ന സാമൂഹിക വിദ്യാഭ്യാസ സാഹചര്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമുദായം ബഹുദൂരം മുന്നേറിയ സാഹചര്യത്തിലാണ് മര്‍കസ് നോളജ് സിറ്റി എന്ന ആശയം മുന്നോട്ട് വന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതികങ്ങളിലൂടെ സമൂലമായ സാമൂഹിക ഘടനാ മാറ്റങ്ങളും ആഗോളീകരണവും പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും വിദ്യാഭ്യാസ നയങ്ങളും ഉയര്‍ന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തിന്റെ സാംസ്‌കാരിക സാമൂഹിക നിര്‍മിതിക്ക് വ്യത്യസ്തമായ സമീപനങ്ങളും പദ്ധതികളും ആവശ്യമുണ്ട് എന്ന് മര്‍കസ് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നോളജ് സിറ്റി പദ്ധതിക്ക് തുടക്കമിട്ടത്.
മര്‍കസ് എന്ന ആശയത്തിനും സംസ്‌കാരത്തിനും എത്രമാത്രം സ്വീകാര്യതയും വിശ്വാസ്യതയും ജനങ്ങള്‍ നല്‍കിയിരിക്കുന്നു എന്ന തിരിച്ചറിവ് കൂടുതല്‍ വ്യക്തമാക്കിയ സംരംഭം കൂടിയാണ് നോളജ് സിറ്റി. വൈജ്ഞാനിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉത്തമ പ്രകാശനത്തിനായുള്ള സംരംഭമായ കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്ര ബിന്ദുവായി വിദ്യാഭ്യാസവും ആത്മീയവും ആരോഗ്യവും പാരമ്പര്യവും സ്‌കില്‍ ഡെവലപ്‌മെന്റും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നഗരത്തിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക – സാംസ്‌കാരിക നിര്‍മിതിയുടെ വ്യത്യസ്ത ഘടകങ്ങളെ രൂപവത്കരണ കാലം മുതലേ അഭിസംബോധന ചെയ്ത മര്‍കസിന്റെ സമീപനം ഇവിടെയും കാണാം. എന്നാല്‍ സാമൂഹിക-സാംസ്‌കാരിക ഉന്നതിയുടെയും നിലനില്‍പ്പിന്റെയും അടിസ്ഥാനശില വിജ്ഞാനവും അതിന്റെ നിര്‍മിതിയും കൈമാറ്റവുമാണെന്ന ഉത്തമബോധ്യം മര്‍കസിനെന്നുമുണ്ടായിട്ടുണ്ട്. കേവലമായ അറിവ് എന്നതിലുപരി മനുഷ്യസമൂഹം ഇടപെടുന്ന മുഴുവന്‍ വ്യവഹാരങ്ങളും അറിവിന്റെ പിന്‍ബലത്തോട് കൂടിയായിരിക്കണം എന്നതാണ് നോളജ് സിറ്റിയുടെ ആശയം. കേരളത്തിലെ മറ്റേത് വിദ്യാഭ്യാസ-സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള മൂവ്‌മെന്റിനേക്കാളും മര്‍കസിനെ വ്യതിരിക്തമാക്കുന്നത് കേരളത്തിനകത്തും പുറത്തും മര്‍കസ് സ്ഥാപനങ്ങളുടെയും മര്‍കസ് മോഡല്‍ സ്ഥാപനങ്ങളുടെയും അതി വേഗത്തിലുള്ള വ്യാപനമാണ്. ദേശ -ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മര്‍കസിന്റെ കൈയൊപ്പുള്ള സംരംഭങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഏത് രാഷ്ട്രീയ – വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാമൂഹിക – ഭൂപ്രകൃതിയിലും പ്രതീക്ഷകളുടെയും അതിജീവനത്തിന്റെയും തിരിനാളമാകാന്‍ മര്‍കസിന്റെ ആശയത്തിലൂന്നിയുള്ള വിദ്യാഭ്യാസ – സാമൂഹിക മുന്നേറ്റത്തിനാകുമെന്നാണ് ഗുജറാത്തിലും കശ്മീരിലും ബംഗാളിലുമൊക്കെയുള്ള നമ്മുടെ സ്ഥാപനങ്ങളുടെ സ്വീകാര്യതയും അതിവേഗ വളര്‍ച്ചയും മനസ്സിലാക്കിത്തരുന്നത്.
44 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മക്കയിലെ വിശ്രുതപണ്ഡിന്‍ സയ്യിദ് അലവി മാലികി ശിലയിട്ട മര്‍കസെന്ന ആശയം, സംസ്‌കാരം, സ്ഥാപനങ്ങള്‍ സമുദായത്തിനും രാജ്യത്തിനും നല്‍കുന്ന സംഭാവനകളും സന്ദേശങ്ങളും വലുതാണ്. യാഥാര്‍ഥ്യ ബോധത്തോടെ വ്യക്തമായ കാഴ്ചപ്പാടുകളും ലാഭേച്ഛയില്ലാത്ത അര്‍പ്പണബോധവും അറിവിലൂന്നിയ പ്രവര്‍ത്തനങ്ങളും കൈമുതലാക്കി സമൂഹത്തെ സേവിക്കാനിറങ്ങിയാല്‍ ദേശ-ഭാഷ-മതത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് സമൂഹത്തെ നിര്‍മിക്കാനും അവരെ പ്രതീക്ഷയുടെയും വിജയത്തിന്റെയും പുതിയ ആകാശങ്ങളിലേക്ക് നയിക്കാനും സാധിക്കുമെന്നതാണ് ഈ മര്‍കസ് ഡേയില്‍ മര്‍കസ് നമുക്ക് നല്‍കുന്ന സന്ദേശം.