Achievements
ഇലക്ട്രിക് സൈക്കിള്‍ നിര്‍മിച്ച് മര്‍കസ് പ്ലസ് വണ്‍ വിദ്യാര്‍ഥി
കോഴിക്കോട് | ആക്രിക്കടയില്‍ നിന്ന് വാങ്ങിയ പഴയ സൈക്കിള്‍ ഉപയോഗിച്ച് നല്ല ഒന്നാം തരം ഇലക്‌ട്രിക് സൈക്കിള്‍ നിര്‍മിച്ച് മര്‍കസ് വിദ്യാര്‍ഥി. മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സയ്യിദ് ഹാശിമാണ് ഇലക്ട്രിക് സൈക്കിളിന്റെ നിര്‍മാതാവ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ട് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയും.
ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്നതിനിടെയാണ് ഹാശിം പുതിയ പരീക്ഷണം ആരംഭിച്ചത്. വീടിന്റെ തൊട്ടടുത്ത ആക്രിക്കടയില്‍ നിന്ന് പഴയ സൈക്കിള്‍ വാങ്ങിയ ഹാശിം 48 വോള്‍ട്ട് ബി എല്‍ ഡി സി മോട്ടോര്‍, 12 വോള്‍ട്ടിന്റെ നാല് യു പി എസ് ബാറ്ററി തുടങ്ങിയവ ഉപയോഗിച്ച് ഇലക്്ട്രിക് സൈക്കിള്‍ നിര്‍മിക്കുകയായിരുന്നു. മര്‍കസ് ബോര്‍ഡിംഗ് സൈത്തൂന്‍ വാലിയില്‍ സീറ്റ അക്കാദമികിന് കീഴിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി സയ്യിദ് ഹാശിം പഠിക്കുന്നത്. സ്‌കൂള്‍ അധ്യാപകര്‍, സൈത്തൂന്‍ വാലിയിലെ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പിന്തുണയാണ് മികവിലേക്കെത്തിച്ചതെന്നാണ് ഹാശിമിന്റെ പക്ഷം.
ഇലക്ട്രിക് കാര്‍ നിര്‍മാണമാണ് ഈ പതിനാറുകാരന്റെ അടുത്ത ലക്ഷ്യം. മലപ്പുറം തലപ്പാറ വലിയപറമ്പിലെ സയ്യിദ് ജഅ്ഫര്‍ കോയ തങ്ങളുടെയും ആഇശ ബീവിയുടെയും മകനാണ്. കഴിഞ്ഞ ദിവസം മര്‍കസില്‍ നടന്ന കോണ്‍വോക്കേഷനില്‍ മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഹാശിമിനെ അഭിനന്ദിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും ഏകദേശം ഇരുനില കെട്ടിടത്തിന്റെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്നതുമായ റിമോട്ട് കോണ്‍ട്രോള്‍ഡ് ഹെലിക്കോപ്റ്റര്‍ ഹാശിം നേരത്തേ തന്നെ നിര്‍മിച്ചിരുന്നു.