Education
യൂനാനി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷില്‍ പുസ്തകമെഴുതി മര്‍കസ് അധ്യാപകര്‍
മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ തഷ്രീഹുല്‍ ബദന്‍ വിഭാഗത്തിലെ പ്രൊഫസര്‍ മുഹമ്മദ് ഉന്‍വാന്‍, മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ മുആലജാത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ മുഹമ്മദ് ഷാഹിദ്, ഭാര്യയും ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഇറാം നാസും ഇറാം നാസ് എന്നിവര്‍ ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്.
നോളജ് സിറ്റി | മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലേക്ക് അധ്യാപകരായി എത്തിയപ്പോഴാണ് പ്രൊഫ. ഡോ. മുഹമ്മദ് ഉന്‍വാനും അസിസ്റ്റന്റ് പ്രൊഫ. ഡോ. മുഹമ്മദ് ഷാഹിദും അക്കാര്യം ശ്രദ്ധിക്കുന്നത്. യൂനാനി മെഡിക്കല്‍ പാഠപുസ്തകങ്ങള്‍ ഏറെയും ഉറുദു, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ ആയതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കാര്യങ്ങള്‍ വായിച്ച് പഠിക്കാന്‍ പ്രയാസമുണ്ട് എന്ന യാഥാര്‍ഥ്യം. ഭാഷാ പരിമിതി കാരണം വിദ്യാര്‍ഥികളുടെ പഠനത്തിന് തടസ്സമുണ്ടായിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് എല്ലാവര്‍ക്കും ആശ്രയിക്കാനാകുന്ന ഇംഗ്ലീഷ് പുസ്തകം ഉണ്ടാകണമെന്ന ചിന്ത വരുന്നത്. അങ്ങനെയാണ് കണ്‍സൈസ് ബുക്ക് ഓഫ് മുആലജാത്ത്, ദി ടെക്സ്റ്റ് ബുക്ക് ഓഫ് മുആലജാത്ത് എന്നീ രണ്ടു പുസ്തകങ്ങള്‍ പിറവി കൊള്ളുന്നത്.
യൂനാനി അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠന പുസ്തകങ്ങളായാണ് ഈ പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ലോകത്തെവിടെയുമുള്ള യൂനാനി യു ജി, പി ജി വിദ്യാര്‍ഥികള്‍ക്കും ഈ മേഖലയിലെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നത്. വായനക്കാര്‍ക്ക് മനസ്സിലാവാനും കൂടുതല്‍ കാലം ഓര്‍ത്തിരിക്കാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ രചനാ രീതി. നിലവില്‍ പരമ്പരാഗത യൂനാനി മെഡിക്കല്‍ സാഹിത്യത്തില്‍ വിവരിച്ചിട്ടില്ലാത്ത പല രോഗങ്ങളെ കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ലോകത്ത് യൂനാനി മേഖലക്ക് കൂടുതല്‍ പ്രചാരം നല്‍കാനും കാര്യങ്ങള്‍ എളുപ്പത്തില്‍ എല്ലാവരിലേക്കും എത്തിക്കാനും ഈ പുസ്തകങ്ങള്‍ സഹായകമാകും എന്നാണ് പ്രതീക്ഷ. പുതുതായി തയാറാക്കിയ രണ്ട് പുസ്തകങ്ങളും കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്.
ദി ടെക്സ്റ്റ് ബുക്ക് ഓഫ് മുആലജാത്ത് എന്ന പുസ്തകം മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ തഷ്രീഹുല്‍ ബദന്‍ വിഭാഗത്തിലെ പ്രൊഫസര്‍ മുഹമ്മദ് ഉന്‍വാന്‍, മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ മുആലജാത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ മുഹമ്മദ് ഷാഹിദ്, ഭാര്യയും ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഇറാം നാസും ഇറാം നാസ് എന്നിവര്‍ ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്. കണ്‍സൈസ് ബുക്ക് ഓഫ് മുആലജാത്ത് എന്ന പുസ്തകം ഡോ. മുഹമ്മദ് ഷാഹിദ്, ഇറാം നാസ് എന്നിവരും ചേര്‍ന്ന് തയാറാക്കി.
ഉത്തര്‍ പ്രദേശിലെ അലിഗഢ് സ്വദേശിയായ ഡോ മുഹമ്മദ് ഷാഹിദ് അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിനില്‍ നിന്ന് ബിരുദാനന്തര ബിരുദവുമാണ് പൂര്‍ത്തിയാക്കിയത്. ഡോ. മുഹമ്മദ് ഉന്‍വാന്‍ ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ്. ഡല്‍ഹി കരോള്‍ ബാഗിലെ ആയുര്‍വേദിക് ആന്‍ഡ് യൂനാനി തിബ്ബിയ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഇരുവരും വര്‍ഷങ്ങളായി മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ അധ്യാപകരാണ്.
പുസ്തകങ്ങളുടെ ഔദ്യോഗിക പ്രകാശനം മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകിം അസ്ഹരി, നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, നോളജ് സിറ്റി സി എ ഒ. അഡ്വ. തന്‍വീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.