Connect with us

Kerala

ലഡാക്കിൽ മരിച്ച സൈനികൻ ശെെജലിന്റെ മൂന്ന് മക്കളെ മർകസ് ഏറ്റെടുക്കും

കഴിഞ്ഞ ദിവസം ഷൈജലിന്റെ മരണവീട് സന്ദർശിച്ച മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധനാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ശെെജലിന്റെ മൂന്നു മക്കളെയും മർകസ് ഏറ്റെടുക്കും.  പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുകാരി ഫാത്തിമ മഹസ എന്നീ മൂന്നുമക്കളാണ് ഒട്ടും നിനക്കാത്ത അപകടത്തെ തുടർന്ന് അനാഥരായത്.

20 വർഷം നീണ്ട സൈനിക ജീവിതത്തിൽ നിന്നും വിരമിച്ച്‌ മുഴുസമയവും കുടുംബത്തോടൊപ്പം  ജീവിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ ഈ വിയോഗം  ദുരന്തത്തിന്റെ ആഴം ഏറെ വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഷൈജലിന്റെ മരണവീട് സന്ദർശിച്ച മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധനാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു.

ചെറുപ്രായത്തിൽ രക്ഷിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളെ അവരുടെ ഗൃഹാന്തരീക്ഷത്തിൽ തന്നെ എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിക്കുന്ന മർകസ് ഹോം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികളെ ഏറ്റെടുക്കുന്നത്. ഈ പദ്ധതിയിൽ ഇതുവരെ   12000 ത്തോളം അനാഥരെ മർകസ് ഏറ്റെടുത്ത് വളർത്തുന്നുണ്ട്.