Kerala
മര്‍ദനം: ഡോ. അലോകിനെതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെയും പണിമുടക്കും
സമരത്തില്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.
തൃശൂര്‍ | നഴ്‌സുമാരെ മര്‍ദിച്ച തൃശൂരിലെ നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ നഴ്‌സുമാര്‍ നാളെയും പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.
ശമ്പള വിഷയത്തില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ നഴ്‌സുമാരെ ഡോ. അലോക് മര്‍ദിച്ചെന്നാണ് പരാതി. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യു എന്‍ എ പ്രഖ്യാപിച്ചു.
ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് കാരണമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ പുറത്തിറങ്ങാന്‍ തുനിഞ്ഞ അലോകിനെ നഴ്‌സുമാര്‍ തടഞ്ഞുവച്ചു. ഇത് കൈയാങ്കളില്‍ കലാശിക്കുകയായിരുന്നു.