Connect with us

Ongoing News

മരിയ കളി മതിയാക്കുന്നു; കോപ അമേരിക്കക്കു ശേഷം ബൂട്ടഴിക്കും

15 വര്‍ഷത്തോളം അര്‍ജന്റീനയുടെ ദേശീയ ജഴ്‌സിയണിഞ്ഞ് കളം നിറഞ്ഞു കളിച്ച മരിയ രാജ്യത്തിനായി 136 മത്സരങ്ങളിലാണ് പന്തു തട്ടിയത്.

Published

|

Last Updated

ബ്യൂണസ് ഐറിസ് | അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ജല്‍ ഡി മരിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനു ശേഷം ബൂട്ടഴിക്കാനാണ് 35കാരനായ ഡി മരിയയുടെ തീരുമാനം.

15 വര്‍ഷത്തോളം അര്‍ജന്റീനയുടെ ദേശീയ ജഴ്‌സിയണിഞ്ഞ് കളം നിറഞ്ഞു കളിച്ച മരിയ രാജ്യത്തിനായി 136 മത്സരങ്ങളിലാണ് പന്തു തട്ടിയത്. 29 ഗോളുകളാണ് രാജ്യത്തിനു വേണ്ടി ആ ബൂട്ടുകളില്‍ നിന്നുതിര്‍ന്നത്. 2008ല്‍ തുടങ്ങിയതാണ് അന്താരാഷ്ട്ര തലത്തിലെ മരിയയുടെ ഫുട്‌ബോള്‍ യാത്ര. നാല് ലോകകപ്പില്‍ രാജ്യത്തിനായി ബൂട്ട് കെട്ടാന്‍ ഈ അതുല്യ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ വിജയത്തില്‍ ഒരു ഗോള്‍ മരിയയുടെ വകയായിരുന്നു. 2024 ജൂണ്‍ 20 മുതല്‍ ജൂലൈ 24 വരെ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക, മരിയയുടെ ആറാം കോപ ടൂര്‍ണമെന്റായിരിക്കും.

അടുത്ത കോപ അമേരിക്ക് അര്‍ജന്റൈന്‍ ജഴ്‌സിയില്‍ തന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കുമെന്ന് മരിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘തൊണ്ടയില്‍ എന്തോ കുടുങ്ങിയതു പോലെ തോന്നുണ്ടെങ്കിലും, ആത്മാവില്‍ കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും എന്റെ കരിയറില്‍ സംഭവിച്ച ഏറ്റവും സുന്ദരമായ ഒന്നിനോട് വിടപറയുകയാണ്.’- മരിയ പറഞ്ഞു.

‘ബ്രസീലിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആരാധകരുടെ ആരവങ്ങള്‍ എന്നെ എത്രമാത്രം ആനന്ദത്തിലാറാടിച്ചുവെന്നത് വാക്കുകളാല്‍ വിവരിക്കാനാവില്ല. സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു.’- ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിരവൈരികളായ ബ്രസീലിനെ തോല്‍പ്പിക്കാനായതിനെ പരാമര്‍ശിച്ചു കൊണ്ട് താരം വ്യക്തമാക്കി.

ഈ വര്‍ഷം പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക ക്ലബില്‍ ഡി മരിയ പുനപ്രവേശം നടത്തിയിരുന്നു. 2007നും 2010നുമിടയില്‍ ഈ യൂറോപ്യന്‍ ക്ലബിനായി മരിയ കളിച്ചിരുന്നു. റിയര്‍ മാഡ്രിഡ്, പാരിസ് സെന്റ് ജര്‍മൈന്‍, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്കായും മരിയ ബൂട്ടണിഞ്ഞു.

Latest