Connect with us

Kerala

കടല്‍ ചെമ്മീന്‍ കയറ്റുമതി നിരോധനം: കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

അമേരിക്കയുടെ ഉപരോധം എണ്ണമറ്റ മത്സ്യത്തൊഴിലാളികളെയും കയറ്റുമതി മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ്

Published

|

Last Updated

തിരുവനന്തപുരം| ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതി നിരോധനം പിന്‍വലിക്കുന്നതിന് അമേരിക്കയുമായി ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചു. അമേരിക്കയുടെ ഉപരോധം എണ്ണമറ്റ മത്സ്യത്തൊഴിലാളികളെയും കയറ്റുമതി മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് വാണിജ്യ-വ്യവസായ മന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമുദ്രോത്പന്ന കയറ്റുമതി മേഖലയെ തകര്‍ക്കുന്നതാണ് അമേരിക്കയുടെ നടപടി. മത്സ്യബന്ധനത്തിനിടെ സംരക്ഷിത കടലാമകള്‍ വലകളില്‍ കുടുങ്ങുന്നുവെന്ന് കാട്ടി 2019ല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മറ്റ് സമുദ്രോത്പന്ന കയറ്റുമതിയെയും ബാധിക്കുന്ന സ്ഥിതിയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഉപരോധത്തിന് അമേരിക്ക പറയുന്ന കാരണം അടിസ്ഥാനരഹിതമാണെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍, 8.09 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഇന്ത്യ സമുദ്രോത്പന്ന കയറ്റുമതിയില്‍ നിന്ന് നേടിയത്. ഇതില്‍ 5.5 ബില്യണ്‍ ഡോളറും കടല്‍ ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നായിരുന്നുവെന്നത് ഈ മേഖലയുടെ പ്രധാന്യം തെളിയിക്കുന്നതാണ്. അമേരിക്കന്‍ നിരോധനത്തെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കടല്‍ ചെമ്മീനടക്കമുള്ള സമുദ്രോത്പന്നങ്ങള്‍ വില്‍ക്കേണ്ടിവരുന്നതിനാല്‍ മത്സ്യബന്ധന വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. ഇത് ആഭ്യന്തര വിപണിയെയും തകര്‍ക്കുകയാണെന്നും ജോണ് ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ തകര്‍ക്കുന്നതിനെതിരെ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം കേരള സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. ആഗോള തലത്തിലെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനതല ഇടപെടലുകള്‍ മാത്രം മതിയാകില്ല. വിദേശ ലോബികളുടെ ആരോപണങ്ങള്‍ ശക്തമായി നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ദേശീയ തലത്തില്‍ തന്നെ ശക്തമായ നടപടികള്‍ ആവശ്യമാണ്. ആയതിനാല്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി മന്ത്രി പീയൂഷ് ഗോയലിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 

 

 

Latest