Connect with us

Kerala

മാര്‍ക്ക് ജിഹാദ് പരാമര്‍ശം; സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമെന്ന് മന്ത്രി ആര്‍ ബിന്ദു

Published

|

Last Updated

തിരുവനന്തപുരം | ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ വിവാദമായ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തിനെതിരെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. വംശീയ, പ്രാദേശിക വിഭജനം ഉദ്ദേശിച്ചുള്ളതും മികച്ച പ്രതിഭാശാലികള്‍ ഉള്‍ക്കൊള്ളുന്ന അക്കാദമിക് സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതും കൂടിയാണ് അധ്യാപകന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയ കിരോഡി മാല്‍ കോളജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടിയെടുക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. ആര്‍ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ പരാമര്‍ശം. ഡല്‍ഹിയില്‍ വന്നു പഠിക്കാനായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ടെന്നും അധ്യാപകന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ് ആര്‍ സി സി തുടങ്ങി സര്‍വകലാശാലക്കു കീഴിലെ പ്രധാന കോളജുകളിലെയെല്ലാം ആദ്യ പട്ടികയില്‍ കൂടുതലും ഇടംനേടിയത് മലയാളി വിദ്യാര്‍ഥികളാണ്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.

അതിനിടെ, മുന്‍ പ്രസിഡന്റായ അധ്യാപകന്റെ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമേക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കി.

Latest