Connect with us

Kerala

മര്‍കസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി;ധാര്‍മിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാക്കാനാവൂ; കാന്തപുരം

കര്‍മവീഥിയിലേക്ക് 509 സഖാഫി പണ്ഡിതര്‍

Published

|

Last Updated

കോഴിക്കോട് |  മര്‍കസ് വാര്‍ഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങള്‍ സംഗമിച്ച സമ്മേളനത്തില്‍ മര്‍കസില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി സേവനത്തിറങ്ങുന്ന 509 സഖാഫി പണ്ഡിതര്‍ക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷത്തെ ബിരുദദാരികള്‍. താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുര്‍മുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. ധാര്‍മിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നില്‍ ലിബറല്‍ ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധവും ധാര്‍മിക മൂല്യങ്ങളും പുതുതലമുറ വിദ്യാര്‍ഥികളെ അഭ്യസിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് വരേണ്ടതുണ്ടെന്നും പാഠ്യ പദ്ധതിയില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്ദാന സമാപന സമ്മേളനത്തിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമര്‍ ബിന്‍ ഹഫീള് മുഖ്യാതിഥിയായി. ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കര്‍മരംഗത്തേക്കിറങ്ങുന്ന മതപണ്ഡിതര്‍ക്കുള്ള ബിരുദദാനവും വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മര്‍കസിന്റെ 50-ാം വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ദേശീയ തലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളില്‍ മാതൃക സൃഷ്ടിച്ച പ്രമുഖര്‍ക്ക് നല്‍കുന്ന പ്രഥമ ശാഹുല്‍ ഹമീദ് ബാഖവി മെമ്മോറിയല്‍ നാഷണല്‍ സോഷ്യല്‍ ഡവലപ്‌മെന്റ് അവാര്‍ഡ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന .റാസ അക്കാദമി മേധാവി മൗലാനാ മുഹമ്മദ് സഈദ് നൂരിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.

രാവിലെ പത്തുമുതല്‍ എഡ്യൂ സിമ്പോസിയം, ഹദീസ് കോണ്‍ഫറന്‍സ്, സഖാഫി ശൂറ കൗണ്‍സില്‍, സ്ഥാനവസ്ത്ര വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. ടി അബൂബക്കര്‍ സംസാരിച്ചു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, എന്‍ അലി അബ്ദുല്ല, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, അബ്ദുല്‍ മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സമസ്ത നേതാക്കള്‍, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ദേശീയ-അന്തര്‍ദേശീയ അതിഥികള്‍ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായ ഖത്മുല്‍ ബുഖാരി വൈജ്ഞാനിക സംഗമം നാളെ(തിങ്കള്‍) രാവിലെ നടക്കും. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരിക ഇസ്ലാമിക ഗ്രന്ഥമെന്ന വിശേഷണമുള്ള സ്വഹീഹുല്‍ ബുഖാരിയുടെ അധ്യാപന രംഗത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ 60 വര്‍ഷം പിന്നിട്ട സവിശേഷ മുഹൂര്‍ത്തത്തില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്‌നേഹജനങ്ങളും കാണുന്നത്. വിശ്വപ്രസിദ്ധ പണ്ഡിതരും സാദാത്തുക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും പങ്കെടുക്കുന്ന ഈ വൈജ്ഞാനിക സംഗമം കാന്തപുരത്തിന് നല്‍കുന്ന ആദരം കൂടിയാവും.

ധാര്‍മിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ: കാന്തപുരം

 കോഴിക്കോട് |  ധാര്‍മിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നില്‍ ലിബറല്‍ ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് വാര്‍ഷിക സനദ്ദാന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരോഗമ ജനതയെന്ന് അഭിമാനം കൊള്ളുന്ന നമ്മുക്കിടയില്‍ വെച്ചാണ് ഒരു വിദ്യാര്‍ഥിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി സഹപാഠികള്‍ ഏറെ സമയം പീഡിപ്പിച്ചത്. ഒപ്പമുള്ളവരെ നോവിപ്പിച്ച് ആനന്ദിക്കുന്നവരും അധ്യാപര്‍ക്കെതിരെ കൊലവിളി ഉയര്‍ത്തുന്നവരുമായി നമ്മുടെ വിദ്യാര്‍ഥികളെ മാറ്റാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങള്‍ ഉണ്ടാവുന്നു. അത് അനുവദിച്ചുകൂടാ. സാമൂഹിക അവബോധവും ധാര്‍മിക മൂല്യങ്ങളും പുതുതലമുറ വിദ്യാര്‍ഥികളെ അഭ്യസിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് വരേണ്ടതുണ്ടെന്നും പാഠ്യ പദ്ധതിയില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ലഹരി മാഫിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

 

Latest