Kerala
ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് നോളജ് സിറ്റി
ജാഗ്രതാ സമിതി, സെക്യൂരിറ്റി ശക്തമാക്കല്‍, ബോധവത്കരണം, റിഹാബിലിറ്റേഷന്‍ തുടങ്ങിയവ നടപ്പാക്കും

കോഴിക്കോട് | സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് നോളജ് സിറ്റി. ബോധവത്കരണവും നിയമനടപടികളും റിഹാബിലിറ്റേഷനും ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് നോളജ് സിറ്റി ആവിഷ്‌കരിക്കുന്നത്. ക്യാമ്പസിനകത്തെ മുഴുവന്‍ വിദ്യാഭ്യാസ- ആരോഗ്യ- വാണിജ്യ- സാസ്‌കാരിക- പാര്‍പ്പിട സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും മറ്റും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നിരീക്ഷിക്കുകയും ലഹരിയുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം. ഹോസ്റ്റല്‍ ഉള്‍പ്പെടയുള്ള ഇടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ, ലഹരി വിമുക്തി ആഗ്രഹിക്കുന്നവര്‍ക്കായി മിഹ്‌റാസില്‍ റിഹാബിലിറ്റേഷന്‍ സെന്ററും ആരംഭിച്ചിരിക്കുകയാണ്. റിഹാബിലിറ്റേഷന്‍ മേഖലയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
പുറമെ നിന്ന് എത്തുന്നവരുടെ കുറ്റകരമായ ഇടപാടുകളും ദുരുപയോഗങ്ങളും തടയാനും വിവിധ പദ്ധതികളാണ് നോളജ് സിറ്റി ആവിഷ്‌കരിക്കുന്നത്. ഇതിന്റെ പ്രാഥമിക ഇടപെടലെന്ന നിലക്ക് എ ഐ സെക്യൂരിറ്റി ക്യാമറകളുടെയും സ്റ്റാഫുകളുടെയും എണ്ണം വര്‍ധിപ്പിച്ചു. എക്‌സൈസ്- പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. നോളജ് സിറ്റിയുമായി ബന്ധപ്പെട്ട പരിസരത്തെ 40 ഗ്രാമങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇവിടങ്ങളിലും ബോധവത്കരണം ഉള്‍പ്പെടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നോളജ് സിറ്റി ഭാഗവാക്കാകും.
ഇത് സംബന്ധിച്ച് ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി എഫ് ഒ യൂസുഫ് നൂറാനി, വിവിധ സ്ഥാപനങ്ങളുടെ ഡിപ്പാര്‍ട്മെന്റ് മേധാവികള്‍ സംസാരിച്ചു.