Kerala
മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാനം: പൊതുസമ്മേളനം 16 ന്
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മര്‍കസിന്റെ അമ്പതാം വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും.
കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും ഫെബ്രുവരി 15,16,17 തിയ്യതികളില്‍ നടക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ബുഖാരി ദര്‍സ് ആറു പതിറ്റാണ്ട് പിന്നിടുന്ന സവിശേഷ മുഹൂര്‍ത്തത്തില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തെ ഏറെ ആവേശത്തോടെയാണ് സുന്നി പ്രവര്‍ത്തകരും സ്‌നേഹ ജനങ്ങളും കാണുന്നത്.വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മര്‍കസിന്റെ അമ്പതാം വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും.
വിദേശ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, യൂണിവേഴ്സിറ്റി തലവന്മാര്‍, ദേശീയ നേതാക്കള്‍, മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അതിഥികളായി എത്തുന്ന മൂന്നുദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഉപ പരിപാടികളും നടക്കും.സമ്മേളനത്തിന് മുന്നോടിയായി 14 ന് ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമം സംഘടിപ്പിക്കും. വൈകുന്നേരം സിയാറത്തും പതാക ഉയര്‍ത്തലും രാത്രി ബറാഅത്ത് ആത്മീയ സംഗമവും നടക്കും.
15 ന് വൈകുന്നേരം ഇഫ്താറും പ്രാര്‍ഥനാ സദസ്സും നടക്കും. 16 ന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പുതിയകാലത്തെ അധ്യാപന രീതികളും കോഴ്സുകളും സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ ഭാവിയും ചര്‍ച്ചയാകും. സ്വഹീഹുല്‍ ബുഖാരി അധ്യാപന രംഗത്ത് അറുപത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഇന്ത്യയിലെ അപൂര്‍വ ഹദീസ് പണ്ഡിതന്‍ എന്ന നിലയില്‍ സുല്‍ത്വാനുല്‍ ഉലമയുടെ സംഭാവനകള്‍ അനാവരണം ചെയ്യുന്ന ഹദീസ് സെമിനാര്‍ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. സമകാലിക വിഷയങ്ങളിലെ ഇസ്ലാമിക സമീപനം വിശദീകരിക്കുന്ന അവതരണങ്ങളും സെമിനാറില്‍ നടക്കും.വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന സനദ് ദാന പൊതുസമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച 509 സഖാഫി പണ്ഡിതര്‍ സനദ് സ്വീകരിക്കും.
50-ാം വാര്‍ഷികതോടനുബന്ധിച്ച് ആസൂത്രണം ചെയ്ത കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും വേദിയില്‍ നടക്കും.17 ന് രാവിലെ 6 മുതല്‍ 10 വരെ നടക്കുന്ന, ലോകപ്രശസ്ത പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കുന്ന ഖത്മുല്‍ ബുഖാരി സംഗമത്തോടെ സമ്മേളന പരിപാടികള്‍ സമാപിക്കും. ത്രിദിന സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാമ്പസുകളിലും ജിസിസി രാഷ്ട്രങ്ങളില്‍ അലുംനി കൂട്ടായ്മകളുടെ നേതൃത്വത്തിലും സന്ദേശ സംഗമങ്ങള്‍ നടക്കും. സമ്മേളന പരിപാടികള്‍ക്ക് അന്തിമ രൂപമായതോടെ പ്രചാരണ പരിപാടികളിലും ഒരുക്കങ്ങളിലും സജീവമായിരിക്കും വരും ദിവസങ്ങളില്‍ സുന്നി സമൂഹവും സ്‌നേഹജനങ്ങളും.