Connect with us

Kozhikode

മര്‍കസ് ഖത്മുല്‍ ബുഖാരി; സനദ് ദാനം ഫെബ്രുവരി 15, 16, 17 തിയ്യതികളില്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആറു പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തില്‍ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ ദര്‍സ്.

Published

|

Last Updated

മര്‍കസ് ഖത്മുല്‍ ബുഖാരി സനദ് ദാന സമ്മേളനം സ്വാഗതസംഘം രൂപവത്കരണ സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2025 ഫെബ്രുവരി 15, 16, 17 തിയ്യതികളില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആറു പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തില്‍ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ ദര്‍സ്.

ആഗോള കീര്‍ത്തി നേടിയ ദര്‍സില്‍ പങ്കെടുക്കാന്‍ വിദേശികളടക്കം മര്‍കസില്‍ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ സഖാഫി പണ്ഡിതര്‍ക്കുള്ള സനദ്ദാനവും സഖാഫി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയും ഖത്മുല്‍ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും. വിദ്യാഭ്യാസ-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മര്‍കസിന്റെ അമ്പതാം വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും.

വിദേശ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, യൂണിവേഴ്സിറ്റി തലവന്മാര്‍, ദേശീയ നേതാക്കള്‍, മന്ത്രിമാര്‍, മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അതിഥികളായി എത്തുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ്, വിദ്യാഭ്യാസ സംഗമം, വികസന സെമിനാര്‍, സാംസ്്കാരിക സമ്മേളനം, മതസൗഹാര്‍ദ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. സ്വഹീഹുല്‍ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ അപൂര്‍വ ഹദീസ് പണ്ഡിതന്‍ എന്ന നിലയില്‍ കാന്തപുരത്തിന് സുന്നി സമൂഹം നല്‍കുന്ന ആദരം കൂടിയാവും സമ്മേളനം.

സമ്മേളന പദ്ധതികളുടെ അവലോകനമായി ചേര്‍ന്ന സ്വാഗതസംഘം കണ്‍വെന്‍ഷന്‍ മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ഉദ്ഘാടനം ചെയ്തു. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.

എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സന്ദേശം നല്‍കി. പി സി ഇബ്റാഹീം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് കെ വി തങ്ങള്‍, അബ്ദുലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു. വി എം അബ്ദുറശീദ് സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു.