Connect with us

Kerala

ആത്മീയ സായൂജ്യമേകി മര്‍കസ് ഖുര്‍ആന്‍ സമ്മേളനം

വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്റെ വാര്‍ഷികാഘോഷമായ റമസാനില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ സമ്മേളനവുമായി മര്‍കസ്. വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസികള്‍ ഏറെ പവിത്രമായി കാണുന്ന ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവില്‍ നടന്ന സമ്മേളനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആയിരങ്ങള്‍ സംബന്ധിച്ചു. കമ്യൂണിറ്റി ഇഫ്ത്വാര്‍, ഗ്രാന്‍ഡ് ഖത്മുല്‍ ഖുര്‍ആന്‍, മഹ്‌ളറത്തുല്‍ ബദ്രിയ്യ, വിര്‍ദുലത്വീഫ്, സ്വലാത്തുല്‍ അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരം, തൗബ, തഹ്ലീല്‍ തുടങ്ങി വിവിധ ആത്മീയ പ്രാര്‍ഥനാ സദസ്സുകളായി നടന്ന സമ്മേളനം പുലര്‍ച്ചെ രണ്ടുമണി വരെ നീണ്ടു.

പ്രവാചക പ്രകീര്‍ത്തന കാവ്യമായ ഖസീദതുല്‍ വിത്രിയ്യ പാരായണത്തോടെ രാത്രി 10.30 നാണ് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഖുര്‍ആന്‍ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകള്‍ക്ക് തുടക്കമായത്. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. വി പി എം ഫൈസി വില്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിച്ചു. ദൗറത്തുല്‍ ഖുര്‍ആന്‍, സഹ്റത്തുല്‍ ഖുര്‍ആന്‍ തുടങ്ങി വിവിധ മര്‍കസ് ഖുര്‍ആന്‍ പദ്ധതികളെ അദ്ദേഹം പരിചയപ്പെടുത്തി.

സമാപന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുറഊഫ് സഖാഫി, ഡോ. അബ്ദുസ്സലാം, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ ഗഫൂര്‍ സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ഹനീഫ് സഖാഫി ആനമങ്ങാട് സംബന്ധിച്ചു.

പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വിശ്വാസികള്‍ ഖുര്‍ആന്‍ മുറുകെപിടിക്കണം: കാന്തപുരം
കോഴിക്കോട് | സാമൂഹിക പ്രശ്‌നങ്ങളും ജീവിത പ്രതിസന്ധികളും തരണം ചെയ്യാന്‍ വിശ്വാസികള്‍ വിശുദ്ധ ഖുര്‍ആന്‍ മുറുകെപിടിക്കണമെന്നും ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജീവിതത്തില്‍ സമാധാനവും സ്വസ്ഥതയും സാധ്യമാക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദ ജീവിതവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉണ്ട്. സ്‌നേഹം, കരുണ, പ്രത്യാശ, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ ജീവിതശൈലിയായി മുറുകെപിടിച്ച വിശ്വാസിക്ക് സമൂഹത്തിലെ ആരെയും ദ്രോഹിക്കാന്‍ ആവില്ലെന്നും സാമൂഹിക-മാനസിക പ്രശ്‌നങ്ങളെ അതിജയിക്കാനുള്ള ആത്മധൈര്യം ചരിത്ര പാഠങ്ങളുടെ പിന്‍ബലത്തോടെ ഖുര്‍ആന്‍ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ കഴിഞ്ഞ 60 വര്‍ഷമായി ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ നടത്തിവരുന്ന ഗ്രാന്‍ഡ് മുഫ്തിയുടെ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി പേരാണ് മര്‍കസില്‍ എത്തിയത്.

 

 

Latest