Connect with us

Kozhikode

മര്‍കസ് ഖുര്‍ആന്‍ സമ്മേളനം ഇന്ന്

സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണവും ആയിരം ഹാഫിളുകള്‍ നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സും സമ്മേളനത്തിലെ മുഖ്യ പരിപാടികളാണ്.

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ ഖുര്‍ആന്‍ പ്രമേയമായി കേരളത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ സദസ്സായ മര്‍കസ് ഖുര്‍ആന്‍ സമ്മേളനം ഇന്ന് (25-03-2025, ചൊവ്വ) നടക്കും. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവില്‍ നടക്കുന്ന സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും. വൈകിട്ട് നാല് മുതല്‍ 26ന് പുലര്‍ച്ചെ ഒരുമണി വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ആത്മീയ-പ്രാര്‍ഥനാ മജ്ലിസുകളാണ് നടക്കുക. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ ഒമ്പത് ക്യാമ്പസുകളില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകള്‍ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണവും ആയിരം ഹാഫിളുകള്‍ നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സും സമ്മേളനത്തിലെ മുഖ്യ പരിപാടികളാണ്.

അസര്‍ നിസ്‌കാര ശേഷം ആരംഭിക്കുന്ന സമ്മേളന പരിപാടികള്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ഉത്‌ബോധനം നടത്തും. സയ്യിദ് അബ്ദുല്‍ സബൂര്‍ ബാഹസന്‍ വിര്‍ദുല്‍ ലത്വീഫ് പാരായണത്തിനും മരണപ്പെട്ടവരുടെ പേരിലുള്ള യാസീന്‍ ദുആക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കും. ഇഫ്ത്വാറിനും മഗ്രിബ് നിസ്‌കാരത്തിനും ശേഷം അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങള്‍ നടക്കും. ഹദ്ദാദ് റാത്തീബ്, ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് ശേഷം ഖസീദതുല്‍ വിത്രിയ്യ പാരായണ സംഗമം നടക്കും. വിവിധ പാരായണ ശൈലിയില്‍ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്.

രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ഹിഫ്‌ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ബദ്രിയ്യത്ത് പാരായണത്തിന് നേതൃത്വം നല്‍കും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാര്‍ഥനക്കും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം വഹിക്കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, അലവി സഖാഫി കായലം തുടങ്ങി പ്രാസ്ഥാനിക നേതാക്കളും ജാമിഅ മര്‍കസ് മുദരിസുമാരും സംബന്ധിക്കും. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.