Ongoing News
മര്‍കസ് സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റ്: ആഇശ സൈനും ഐറക്കും ഒന്നാം സ്ഥാനം
140 സഹ്‌റത്തുല്‍ ഖുര്‍ആന്‍ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്

കോഴിക്കോട് | റമസാന്‍ 25ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തര്‍നീം സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടി കൊപ്പം അല്‍ജിബ്ര സീ ക്യൂ പ്രീ സ്‌കൂളിലെ ആഇശ സൈനും തിരുവമ്പാടി ഗൈഡന്‍സ് സീ ക്യൂ പ്രീ സ്‌കൂളിലെ ഐറയും. ആഇശ സൈന്‍ ഖിറാഅത്തിലും ഐറ ഹിഫ്‌സ് ഇനത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഇശ സഹ്റ ബത്തൂല്‍ (സഹ്റ പാര്‍ക്ക്, കൊടുവള്ളി), മുഹമ്മദ് യാസീന്‍ (എം ഡി ഐ, കരുളായി) എന്നിവര്‍ ഖിറാഅത്തിലും സുലൈഖ (അല്‍ മദീന മഞ്ഞനാടി), ഫാത്വിമ മലീഹ (ഇസത്ത് എജ്യൂ സ്‌ക്വയര്‍, മൂന്നിയൂര്‍) ഹിഫ്സിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 140 സഹ്‌റത്തുല്‍ ഖുര്‍ആന്‍ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് തര്‍നീം അന്തിമ തല മത്സരത്തില്‍ മാറ്റുരച്ചത്. യൂനിറ്റ്, സോണ്‍ തല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവരായിരുന്നു മത്സരികള്‍. ഖുര്‍ആന്‍ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളില്‍ നടന്ന ഫെസ്റ്റിലെ വിജയികള്‍ക്ക് ചൊവ്വാഴ്ച മര്‍കസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.