Connect with us

Eranakulam

എസ് സി ഇ ആര്‍ ടി 'മികവ്' സീസണ്‍- 5 പുരസ്‌കാരം നേടി മര്‍കസ് അല്‍ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

2022-23 അധ്യയനവര്‍ഷത്തില്‍ നടപ്പിലാക്കിയ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോട് മര്‍കസ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്

Published

|

Last Updated

എറണാകുളം |  പൊതുവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പ്രഖ്യാപിച്ച ‘മികവ്’ സീസണ്‍ 5 പുരസ്‌കാരം കരസ്ഥമാക്കി ചേരാനല്ലൂര്‍ അല്‍ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 2022-23 അധ്യയനവര്‍ഷത്തില്‍ നടപ്പിലാക്കിയ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോട് മര്‍കസ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ ജൈവ പച്ചകൃഷി, നീന്തല്‍ പരിശീലനം, പടുതാകുളം എന്നിവ സംയോജിപ്പിച്ച് ആവിഷ്‌കരിച്ച പദ്ധതിയാണ് മികവ് സീസണ്‍ – 5 പുരസ്‌കാരത്തിന് പരിഗണിക്കപെട്ടത്. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കല്‍, അക്കാദമിക മികവ്, വിവിധ പഠന പരിപോഷണ പരിപാടികള്‍, വിലയിരുത്തല്‍ തുടങ്ങിയവയില്‍ മികച്ച മാതൃക സൃഷ്ടിച്ചാണ് അല്‍ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവാര്‍ഡ് നേടിയത്.

എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെയില്‍ നിന്നും സ്‌കുളിനുള്ള ശില്പവും പ്രശസ്തിപത്രവും ഹെഡ് മാസ്റ്റര്‍ നിയാസ് ചോല, അധ്യാപകരായ മുഹമ്മദ് ഷരീഫ്, നിയാസ് യു.എ , പി ടി എ പ്രസിഡന്റ് ഷാലു കെ.എസ് എന്നിവര്‍ ഏറ്റുവാങ്ങി. അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളും കഠിനാധ്വാനവും തുടര്‍ച്ചയായി വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ സഹായിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരവും സ്‌കൂള്‍ നേടിയിട്ടുണ്ട്.

കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ച്, പഠനത്തോടൊപ്പം നീന്തല്‍ പരിശീലനം, പത്തിനൊപ്പം പത്തു തൊഴില്‍, പഞ്ചഭാഷ പ്രാര്‍ഥന, പഠനപാട്ടുകള്‍, എന്‍ എച്ച് എം എസ്, യു എസ് എസ്, എന്‍ ടി എസ് തീവ്ര പരിശീലനം, തുടങ്ങി വിവിധ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തിന് 2022 ല്‍ സ്‌കൂള്‍ വിക്കി അവാര്‍ഡും ഹരിത വിദ്യാലയം റിയാലിറ്റി ഷോ എന്നിവയും ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര തലങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും പി ടി എയും മാനേജ്‌മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.

ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. വിനീഷ് ടി വി, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ഡോ. അബുരാജ്, എസ്.സി.ഇ.ആര്‍.ടി കരിക്കുലം മേധാവി ചിത്ര മാധവന്‍, അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ. എം ആര്‍ സുദര്‍ശനകുമാര്‍, ഡോ. പി സത്യനേശന്‍, ഡോ. ഗോകുല്‍ദാസന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest