From the print
മര്‍കസ് സമ്മേളന പ്രചാരണ പര്യടനം നടത്തി സമ്മേളനം വിജയിപ്പിക്കുക: റഈസുല്‍ ഉലമ
മഅ്ദിന്‍ അക്കാദമി, ജാമിഅ ഹികമിയ്യ, കൊണ്ടോട്ടി ബുഖാരി എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു.
കോഴിക്കോട് | മര്‍കസ് സുന്നത്ത് ജമാഅത്തിന്റെ അഭിമാനവും അഭയ കേന്ദ്രവുമാണെന്നും ഫെബ്രുവരി മൂന്നിന് നടക്കുന്ന മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വിവിധ സുന്നി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സന്ദേശ പര്യടനത്തിന് ജാമിഅ ഇഹ്യാഉസ്സുന്നയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് സീനിയര്‍ മുദര്‍രിസ് വി പി എം ഫൈസി വില്യാപ്പള്ളി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഹസന്‍ ബാഫഖി, ഫള്ല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്ല അഹ്‌സനി സംബന്ധിച്ചു.
മഅ്ദിന്‍ അക്കാദമി, ജാമിഅ ഹികമിയ്യ, കൊണ്ടോട്ടി ബുഖാരി എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല തുടങ്ങിയ പണ്ഡിത നേതൃത്വവുമായും ജീവനക്കാരുമായും വിദ്യാര്‍ഥികളുമായും സമ്മേളന സന്ദേശം പങ്കുവെക്കുകയും ക്ഷണിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ ദാറുല്‍ മആരിഫ്, ഫറോക്ക് ഖാദിസിയ്യ, എസ് എ ടവര്‍, മര്‍കസ് നോളജ് സിറ്റി എന്നീ സ്ഥാപനങ്ങളില്‍ പര്യടനം നടത്തുകയും കോടമ്പുഴ ബാവ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി തുടങ്ങിയ നേതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്ദേശം കൈമാറുകയും ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികളുമായും പര്യടനത്തിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്തി.
പ്രചാരണ പര്യടനത്തിന് മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബര്‍ ബാദുഷ സഖാഫി, ബശീര്‍ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, കെ കെ ശമീം, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, സി പി സിറാജ് സഖാഫി, ഹനീഫ് അസ്ഹരി, റശീദ് സഖാഫി, ദുല്‍കിഫില്‍ സഖാഫി, ഹസീബ് അസ്ഹരി, സഹല്‍ സഖാഫി നേതൃത്വം നല്‍കി.