Kozhikode
മർകസ് സമ്മേളന ഒരുക്കങ്ങൾ തകൃതിയിൽ
ദേശീയപാതയിൽ കാരന്തൂർ മുതൽ കുന്ദമംഗലം സുന്നി ജുമുഅ മസ്ജിദ് വരെ വെളിച്ചവും മറ്റും സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കുന്ദമംഗലം | വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കാൻ മർകസിൽ ഒരുക്കങ്ങൾ തകൃതിയിൽ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്ടന്ന് പ്രഖ്യാപിക്കപ്പെട്ട സമ്മേളനത്തിന് എത്തുന്നവരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മർകസിൽ നടക്കുന്നത്.
കൊവിഡിനെ തുടർന്ന് ആൾക്കൂട്ട നിയന്ത്രണത്തിന്റെ പേരിൽ മിക്ക പരിപാടികളും ചെറിയ രൂപത്തിലായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നിരുന്നത്. മർകസ് ഭാരവാഹികളുടെയും സ്വാഗതസംഘം അംഗങ്ങളുടെയും മേൽനോട്ടത്തിലാണ് ഓരോ പ്രവൃത്തിയും നടക്കുന്നത്.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും മറ്റ് പ്രധാന സംഘടനാ നേതാക്കൻമാരും ഇന്നലെ വൈകുന്നേരം നഗരിയും പരിസരവും സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തി. എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളും നഗരിയിലെത്തിയിരുന്നു.
മർകസിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് സമീപം എ പി മുഹമ്മദ് മുസ്‌ലിയാരുടെയും സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെയും പേരിലുള്ള കമാനങ്ങൾ ഉയർന്നുകഴിഞ്ഞു. കാരന്തൂരിലും കുന്ദമംഗലത്തും വിവിധ ഭാഗങ്ങളിൽ കമാനങ്ങളും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ കാരന്തൂർ മുതൽ കുന്ദമംഗലം സുന്നി ജുമുഅ മസ്ജിദ് വരെ വെളിച്ചവും മറ്റും സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
സമാപനച്ചടങ്ങ് നടക്കുന്ന സ്‌കൂൾ ഗ്രൗണ്ടിലെ സ്റ്റേജിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. രാവിലെ മുതൽ വിവിധ പരിപാടികൾ നടക്കുന്ന മെയിൻ ഓഡിറ്റോറിയത്തിലും വേദിയുടെ നിർമാണം പുരോഗമിക്കുകയാണ്.
പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ്‌ദാനമാണ് പ്രധാന പരിപാടി. അതോടൊപ്പം, ദിക്ർ ഹൽഖ, ഖത്മുൽ ബുഖാരി, ഉലമാ സമ്മിറ്റ്, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ദസ്താർബന്തി, മീഡിയ കൊളോക്കിയ തുടങ്ങി വിവിധങ്ങളായ ചടങ്ങുകളും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.