Kozhikode
മര്‍കസ് ഹാദിയ അക്കാദമി ബിരുദദാനം ശ്രദ്ധേയമായി
ഹാദിയ അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശറഫുദ്ദീന്‍ വെളിമണ്ണ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോഴിക്കോട് | മര്‍കസ് ഹാദിയ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ബിരുദദാനം ശ്രദ്ധേയമായി. സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാദിയ അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശറഫുദ്ദീന്‍ വെളിമണ്ണ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സമൂഹ നിര്‍മിതിയിലെ അടിസ്ഥാന ഘടകമായ കുടുംബത്തില്‍ സ്ത്രീകള്‍ നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാന്തപുരം പറഞ്ഞു. കുടുംബബന്ധം ഊഷ്മളമാക്കുന്നതിലും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ നിര്‍മിതിക്കാവശ്യമായ പരമ്പരാഗതവും നൂതനവുമായ നൈപുണികള്‍ ആര്‍ജിക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തീകരിച്ച 84 പേരും ഡിപ്ലോമ പൂര്‍ത്തീകരിച്ച 37 പേരുമാണ് ഇത്തവണ ഹാദിയ ബിരുദം കരസ്ഥമാക്കിയത്. ചടങ്ങില്‍ മുഹമ്മദലി സഖാഫി വള്ളിയാട്, ഹാദിയ അക്കാദമി പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍, അക്ബര്‍ ബാദുഷ സഖാഫി പ്രസംഗിച്ചു.
സയ്യിദ് മുസമ്മില്‍ ജീലാനി, സയ്യിദ് ജഅ്ഫര്‍ ഹുസൈന്‍ ജീലാനി, സ്വാലിഹ് ഇര്‍ഫാനി കുറ്റിക്കാട്ടൂര്‍, അബ്ദുസ്വമദ് സഖാഫി വാളക്കുളം സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഇസ്സുദീന്‍ സഖാഫി പുല്ലാളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി പൈലിപ്പുറം, അസ്ലം നൂറാനി മലയമ്മ, അസ്ലം സഖാഫി ചൂരല്‍മല, ഇ കെ ജാബിര്‍ സഖാഫി, മുഹമ്മദലി മാടായി, അംജദ് മാങ്കാവ് സംബന്ധിച്ചു.