meelad campaign
മർകസ് 'അൽ മഹബ്ബ' അന്താരാഷ്ട്ര മീലാദ് ക്യാമ്പയിന് തുടക്കം
അൽ മൗലിദുൽ അക്ബർ റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ചയായ ഒക്ടോബർ മൂന്നിന് അതിരാവിലെ മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
കോഴിക്കോട് | പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മർകസ് നടത്തുന്ന അൽ മഹബ്ബ അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ വിളംബര സംഗമം എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി സ്വീകരിച്ച നിലപാടുകളും മാതൃകകളും സമൂഹത്തിൽ പ്രചരിപ്പിക്കാനും അതുൾക്കൊണ്ട് ജീവിക്കാനും വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
‘തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിനിൽ മർകസുമായി അക്കാദമിക് സഹകരണമുള്ള വിവിധ വിദേശ യൂനിവേഴ്‌സിറ്റികളും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഭാഗമാകും. യു കെ, യു എ ഇ, മലേഷ്യ, ഈജിപ്ത്, ഫിജി, സഊദി അറേബ്യ, തുർക്കി, ബഹ്‌റൈൻ, ആസ്‌ത്രേലിയ, കുവൈത്ത്, സിംഗപ്പൂർ, ടുണീഷ്യ, ഒമാൻ, ജോർദാൻ, ന്യൂസിലാൻഡ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ മർകസ് പൂർവ വിദ്യാർഥി സംഘടനകൾ അൽ മഹബ്ബ ക്യാമ്പയിന് നേതൃത്വം നൽകും.
അൽ മൗലിദുൽ അക്ബർ, അക്കാദമിക് സെമിനാർ, സ്നേഹ സംഗമം, ഇശൽ സന്ധ്യ, മീലാദ് ഫെസ്റ്റ്, ഓൺലൈൻ ക്വിസ്, കാലിഗ്രഫി മത്സരം, പ്രഭാഷണങ്ങൾ, ഫ്‌ളാഷ്‌മോബ്, കുട്ടികളുടെ നബി, ജൽസത്തുൽ മഹബ്ബ തുടങ്ങിയ സംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. പതിനായിരക്കണക്കിന് സ്നേഹജനങ്ങൾ സംഗമിക്കുന്ന അൽ മൗലിദുൽ അക്ബർ റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ചയായ ഒക്ടോബർ മൂന്നിന് അതിരാവിലെ മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.