Kerala
മർകസ് സനദ് ദാന സമ്മേളനം: ജനമൊഴുകിത്തുടങ്ങി; സമാപന സംഗമം വൈകീട്ട് അഞ്ചരക്ക്
വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങൾ വിളംബരം ചെയ്തും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണ അർപ്പിച്ചും കൂട്ടമായാണ് ജനങ്ങളെത്തുന്നത്.
മർകസ് ഖത്മുൽ ബുഖാരി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സഖാഫി പണ്ഡിത സമ്മേളനത്തിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സംസാരിക്കുന്നു
കാരന്തൂർ | മർകസുസ്സഖാഫത്തിസ്സുന്നിയ്യ ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിലേക്ക് വിവിധ നാടുകളിൽ നിന്ന് പണ്ഡിതരും പൊതുജനങ്ങളുമടക്കം സംഘങ്ങളായി എത്തിത്തുടങ്ങി. വിവിധ പ്രാസ്ഥാനിക യൂണിറ്റുകളിൽ നിന്ന് മർകസിന്റെ പ്രവർത്തനങ്ങൾ വിളംബരം ചെയ്തും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണ അർപ്പിച്ചും കൂട്ടമായാണ് ജനങ്ങളെത്തുന്നത്.
ജനബാഹുല്യത്തെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. നഗരിയിലും സമീപത്തെ വിവിധ നഗരങ്ങളിലും വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന പ്രവർത്തകർ പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ട്രാഫിക് ബ്ലോക്കുകൾ ഇല്ലാതാക്കണമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യങ്ങൾ സമീപപ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 6 മണിക്ക് ദസ്തർ ബന്ദി ചടങ്ങോടെ ആരംഭിച്ച സമ്മേളനം രാത്രിയോടെ സമാപനം കുറിക്കും. സഖാഫി ശൂറ കൗൺസിൽ, സഖാഫി സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, സ്ഥാന വസ്ത്ര വിതരണം, ഖത്മുൽ ബുഖാരി,ദിക്ർ ഹൽഖ തുടങ്ങിയ വിവിധ പരിപാടികൾ വിവിധ വേദികളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാത്രി അഞ്ചരയോടെ ആരംഭിക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ഇ സുലൈമാൻ മുസ്‌ലിയാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. രാജ്യത്തിനകത്തും പുറത്തും ഉള്ള സാദാത്തുക്കളും പണ്ഡിതരും സമാപന സംഗമത്തിൽ സാന്നിധ്യമറിയിക്കും.