Connect with us

National

വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ത്ത് യുവാവ്

സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

Published

|

Last Updated

പാറ്റ്‌ന|വിവാഹാലോചന നിരസിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ യുവാവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ബിഹാറിലെ ലക്ഷിസറായില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങള്‍ക്കുനേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. സഹോദരങ്ങളായ ചന്ദന്‍ ജാ, രാജ്‌നന്ദന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 31 വയസായിരുന്നു. പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്‌ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ആഷിഷ് ചൗധരി എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍ പറഞ്ഞു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് ഇതിനോടകം കണ്ടെടുത്തു. പ്രണയവും വിവാഹാലോചനയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ആഷിഷിന് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായാണ് വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി ചോദ്യം ചെയ്യുകയാണെന്ന് എസ്.പി പങ്കജ് കുമാര്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest