Connect with us

Gulf

വിവാഹ രജിസ്‌ട്രേഷന്‍: പ്രവാസികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താം

കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച് സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു

Published

|

Last Updated

ദുബൈ | വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ രജിസ്‌ട്രേഷന്‍ നടത്താമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങി. തദ്ദേശയ സ്വയംഭരണ വകുപ്പ് മുഖ്യ രജിസ്ട്രാറുടേതാണ് പുതിയ ഉത്തരവ്. പ്രവാസികളായ നൂറുകണക്കിനാളുകള്‍ക്ക് ഇത് ഗുണകരമാകും.

കൊവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേര്‍ വിവാഹം ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. നാട്ടിലുള്ള പല പെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ ഗള്‍ഫിലുള്ളതിനാല്‍ ഇവിടെ നിന്ന് നിക്കാഹ് ചെയ്തവരും ഏറെയുണ്ട്.

നേരത്തെ നാട്ടില്‍ നിന്ന് നിക്കാഹ് ചെയ്ത് വിദേശത്തേക്ക് വന്ന പലര്‍ക്കും കൊവിഡ് കാലത്ത് നാട്ടിലേക്ക് തിരികെ യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് നാട്ടിലേക്ക് പറക്കാനാവത്തതിനാല്‍ നിശ്ചയിച്ച വിവാഹ സല്‍ക്കാര പരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തവരും ഏറെയാണ്. ഇവര്‍ പിന്നീട് വിസിറ്റിംഗ് വിസയില്‍ വധുവിനെ വിദേശത്തേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ വിസിറ്റിംഗ് വിസയില്‍ നിന്ന് ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ വിസയിലേക്ക് മാറണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ടതിനാല്‍ ഇത് തയ്യാറാക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. താമസ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പ്രയാസം നേരിട്ടവരും ഏറെ.

ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താണ് ചിലര്‍ അനുകൂല വിധി സമ്പാദിച്ചതെങ്കിലും നടപടിക്രമങ്ങളും ചിലവും ഏറെയുള്ളതിനാല്‍ പലര്‍ക്കും ഇത് സാധിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച് സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു.

സാങ്കേതിക വിദ്യക്കൊപ്പം നിയമങ്ങള്‍ സഞ്ചരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജഡ്ജിമാരായ ഇന്ദിരാ ബാനര്‍ജി, വി രാമസുബ്രഹ്‌മണ്യം എന്നിവരുള്‍പ്പെട്ട ബഞ്ച് വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കമെന്ന സുപ്രധാന ഉത്തരവിട്ടത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്തണമെന്ന നിരന്തര അഭ്യര്‍ത്ഥനയുടെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പുതിയ ഉത്തരവിന്റെ കാലാവധി. കൊവിഡ് കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ പോയി വിവാഹ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കെല്ലാം ഗുണകരമാകുന്നതാണ് പുതിയ ഉത്തരവ്. അതേസമയം ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യാജ ഹാജരാകലുകളും ആള്‍മാറാട്ടങ്ങളും ഉണ്ടാകാതിരിക്കാന്‍ തദ്ദേശ രജിസ്ട്രര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സ് നടപ്പാക്കുന്നതെങ്ങനെ, നടത്തേണ്ട നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോ നടന്നു വരുന്നതെയുള്ളൂ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.