International
ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിച്ചത്
സോള്‍ | ദക്ഷിണ കൊറിയയില്‍ പ്രഖ്യാപിച്ച പട്ടാളനിയമം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. നിയമം പ്രഖ്യാപിച്ച് ആറ് മണിക്കൂറിനകമാണ് പ്രസിഡന്റ് യൂന്‍ സുക് യോല്‍ ഇതില്‍ നിന്നും പിന്നാക്കം പോയത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിച്ചത്.
ബുധനാഴ്ച രാവിലെ ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലിക്ക് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും രാജ്യത്ത് സൈനിക നിയമം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു
പ്രഖ്യാപനത്തെ തുടര്‍ന്ന് രാത്രി സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു.എന്നാല്‍ സൈനിക ഭരണം നിരസിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയതു.തുടര്‍ന്നാണ് നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡന്‍് വ്യക്തമാക്കി.പിന്നാലെയാണ് പട്ടാളനിയമം പിന്‍വലിച്ച് യൂന്‍ സുക് യോല്‍ പ്രഖ്യാപനം നടത്തിയത്.
ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രതിപക്ഷം സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും പോര് തുടരവെയാണ് സൈനിക നിയമം കൊണ്ടുവന്നത്.