Connect with us

Kerala

പഴയ കാര്‍ പുതിയതെന്ന നിലയില്‍ വിറ്റ മാരുതി ഡീലര്‍ക്ക് പിഴ

പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റേതാണു വിധി

Published

|

Last Updated

പത്തനംതിട്ട | മാരുതി കാറിന്റെ ഡീലര്‍ ആയ കുമ്പഴ ഇന്‍ഡസ് മോട്ടോഴ്‌സ് കമ്പനി മാനേജിങ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ട പരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ വിധി.

കുമ്പഴ മേലേമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി ഉണ്ടായത്. എതിര്‍കക്ഷിയായ കുമ്പഴ ഇന്‍ഡസ് മോട്ടോഴ്‌സ് കമ്പനിയില്‍ നിന്ന് 2014 ജൂലൈ യില്‍ 6,44,033 രൂപാ വില നല്‍കി മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ബ്രാന്‍ഡ് ന്യൂ ആയി ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. 2015 ഡിസംബറില്‍ ബോണറ്റിലെ പെയിന്റ് ഇളകാന്‍ തുടങ്ങി. ഈ വിവരം ഇന്‍ഡസില്‍ എത്തി ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ പരിഗണിച്ചില്ല.

സംശയം തോന്നിയ ഹര്‍ജിക്കാരന്‍ കാറിന്റെ സര്‍വ്വീസ് റിക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ ഈ കാര്‍ തനിക്ക് ഡെലിവറി ചെയ്യുന്നതിന് മുമ്പ് കോതമംഗലം ഇന്‍ഡസ് മോട്ടോഴ്‌സില്‍ രണ്ട് തവണയായി 66,408 രൂപയുടെ ബോഡി റിപ്പയറിങ് ചെയ്യുകയും ക്ലയിം വാങ്ങിയിട്ടുള്ളതുമാണ് എന്ന് കണ്ടെത്തി. ഈ കാറാണ് ബ്രാന്‍ഡ് ന്യൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിറ്റത്. ഇതിനെതിരെയാണ് റൂബി കമ്മിഷനില്‍ പരാതി നല്‍കിയത്.

രണ്ട് കക്ഷികളും അഭിഭാഷകര്‍ മുഖേന കോടതിയില്‍ ഹാജരായി തെളിവുകള്‍ നല്‍കി. തെളിവുകള്‍ പരിശോധിച്ച കമ്മീഷന് ഈ വാഹനം രണ്ടുതവണ ബോഡി റിപ്പയറിങ് ചെയ്തതാണെന്ന് ബോധ്യപ്പെട്ടു. പരാതിക്കാരനെ മനപ്പൂര്‍വ്വം കബളിപ്പിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് എതിര്‍കക്ഷി പ്രവര്‍ത്തിച്ചതെന്നും കാറിന്റെ വിലയായ 6,44,033 രൂപ കമ്മിഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തതു മുതല്‍ ഒമ്പതു ശതമാനം പലിശയോട് കൂടി നല്‍കാനും നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാനും കോടതി വിധിച്ചു.

ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 7,40,033 രൂപയും പലിശയും എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്ന് വിധി പ്രസ്താവിച്ചു. ഹര്‍ജിക്കാരന് വേണ്ടി ഷിലു മുരളീധരന്‍, പി സി ഹരി എന്നിവര്‍ ഹാജരായി.

 

Latest