First Gear
മാരുതി എർട്ടിഗ V/s കിയ കാരൻസ്: ഏത് വാങ്ങണം? സവിശേഷതകൾ എന്തെല്ലാം?
ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ഏഴോളം എം പി വി മോഡലുകൾ നിലവിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ താത്പര്യപ്പെടുന്ന രണ്ട് മോഡലുകളാണ് മാരുതി എർട്ടിഗയും കിയ കാരൻസും.
കുടുംബത്തോടൊപ്പം സുഖമായി യാത്ര ചെയ്യണമെങ്കിൽ ഒരു എംപിവി തന്നെ വേണം. ഒരുകാലത്ത് 7 സീറ്റർ എം പി വികൾ സ്വന്തമാക്കണമെങ്കിൽ വലിയ തുക നൽകേണ്ടിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ഏഴോളം എം പി വി മോഡലുകൾ നിലവിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ താത്പര്യപ്പെടുന്ന രണ്ട് മോഡലുകളാണ് മാരുതി എർട്ടിഗയും കിയ കാരൻസും. ഈ രണ്ട് കാറുകളുടെയും ഗുണങ്ങളും കുറവുകളും അറിയാം ഈ വാർത്തയിലൂടെ.
മാരുതി എർട്ടിഗ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ എംപിവിയാണ് എർട്ടിഗ. സ്വകാര്യ ആവശ്യങ്ങൾക്കും ടാക്സി എന്ന നിലയിലും ഇത് ഏറെപ്പേർ ഇഷ്ടപ്പെടുന്നു. നിലവിൽ എർട്ടിഗയിൽ പെട്രോൾ എൻജിനാണ് കമ്പനി നൽകുന്നത്. മാനുവൽ, ഓട്ടോമാറ്റിക്, സിഎൻജി ഉൾപ്പെടുന്ന ഒമ്പത് വേരിയന്റുകൾ വിപണിയിൽ ലഭ്യമാണ്. എർട്ടിഗക്ക് 8.41 ലക്ഷം രൂപ 12.79 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
കിയ കാരൻസ്
ദക്ഷിണ കൊറിയൻ കാർ നിർമാണ കമ്പനിയായ കിയ തങ്ങളുടെ ആദ്യ എംപിവി കാരൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചില പ്രത്യേക ഫീച്ചറുകൾ ഉൾപ്പെടുത്തി സെഗ്മെന്റിൽ ഒരു മുൻതൂക്കം ഉണ്ടാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ 5 വേരിയന്റുകളിൽ കിയ കാരൻസ് ലഭ്യമാണ്. 9.59 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയാണ് കാരൻസിന്റെ എക്സ് ഷോറൂം വില.
സവിശേഷതകൾ എങ്ങനെ?
എർട്ടിഗയുടെ അടിസ്ഥാന വേരിയന്റിൽ പ്രീമിയം ഡ്യുവൽ ടോൺ ഇന്റീരിയർ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഫ്രണ്ട് എസി, പവർ വിൻഡോകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, കാരൻസിന്റെ അടിസ്ഥാന വേരിയന്റിൽ രണ്ട് ടോൺ ഇന്റീരിയർ, ഫ്രണ്ട് ആംറെസ്റ്റ്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, അഞ്ച് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, മൂന്നാം നിര 50-50 സ്പ്ലിറ്റ് സൗകര്യം, രണ്ടാമത്തെയും മൂന്നാമത്തെയും നിരയ്ക്കുള്ള എസി വെന്റുകൾ എന്നിവയുണ്ട്.
സുരക്ഷാ സവിശേഷതകൾ
എർട്ടിഗ ബേസ് വേരിയന്റിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്പി, ഹിൽ ഹോൾഡ്, ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം, ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ എന്നീ സുരക്ഷാ ഫീച്ചറുകൾ ലഭ്യമാണ്.
കാരൻസിന്റെ അടിസ്ഥാന വേരിയന്റായാലും ടോപ്പ് വേരിയന്റായാലും, ആകെ ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ESC, VSM, BAS, HAC, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ, എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ അതിന്റെ അടിസ്ഥാന വേരിയന്റിൽ തന്നെ ലഭ്യമാണ്.
നീളവും വീതിയും
എർട്ടിഗയുടെ നീളം 4395 മില്ലീ മീറ്ററും, വീതി 1735 മില്ലീമീറ്ററും ഉയരം 1690 മില്ലീമീറ്ററുമാണ്. 2740 എം എം വീൽബേസുമുണ്ട്. ടേണിംഗ് റേഡിയസ് 5.2 ആണ്. കാരൻസിന്റെ നീളം 4540 മില്ലീമീറ്ററാണ്. വീതി 1800 മില്ലീമീറ്റർ. ഉയരം 1708 മില്ലീമീറ്ററും വീൽബേസ് 2780 മില്ലിമീറ്ററുമാണ്.
എത്ര ഇന്ധന ഓപ്ഷനുകൾ
കെ 15 സി സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ, കെ 15 സി സിഎൻജി എഞ്ചിനുകളാണ് എർട്ടിഗ വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ ഉപയോഗിച്ച്, ഈ എംപിവി ലിറ്ററിന് ശരാശരി 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം സിഎൻജിയിൽ കിലോയ്ക്ക് ശരാശരി 26.11 കിലോമീറ്റർ ഓടാം.
പെട്രോൾ, ഡീസൽ ഇന്ധന ഓപ്ഷനുകളിലാണ് കാരൻസ് വരുന്നത്. 1.4 T-GDI, 1.5 G എന്നി എഞ്ചിൻ ഓപ്ഷനുകൾ പെട്രോളിൽ ലഭ്യമാണ്. 1.5 CRDi VGT എഞ്ചിൻ ഡീസലിൽ ലഭ്യമാണ്. പെട്രോളിന് 15.7 കിലോമീറ്ററും ഡീസലിന് 21.3 കിലോമീറ്ററും മൈലേജ് ലഭിക്കും.