Connect with us

First Gear

കാറുകളുടെ വില വര്‍ദ്ധിപ്പിച്ച് മാരുതി

ശരാശരി 1.1% ആണ് വർധന.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിപ്പിച്ചു. ശരാശരി 1.1% ആണ് വർധന. വിവിധ മോഡലുകളുടെ ഡൽഹി എക്സ് ഷോറൂം വില അടിസ്ഥാനമാക്കിയാണ് ശരാശരി നിരക്ക് വർധന കണക്കാക്കിയത്. പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു.

പണപ്പെരുപ്പത്തെ തുടര്‍ന്ന് നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കമ്പനി വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത്. എല്ലാ മോഡലുകള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, നോയിഡയില്‍ നടന്ന ഇന്ത്യ ഓട്ടോ എക്സ്പോയില്‍, സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ജിംനി, ഫ്രോങ്ക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.

കമ്പനിയുടെ ഗുരുഗ്രാം പ്ലാന്റിലായിരിക്കും ജിംനി നിര്‍മിക്കുക. അഞ്ച് ഡോര്‍ ഉള്ള പുതിയ പതിപ്പ് നിര്‍മ്മിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. വാഹനം ഇന്ത്യയില്‍ നിന്ന് മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യും. ജിംനി, ഫ്രോങ്ക്സ് എന്നിവയ്ക്കുള്ള ബുക്കിംഗുകളും ആരംഭിച്ചു കഴിഞ്ഞു. ഈ വാഹനങ്ങള്‍ കമ്പനിയുടെ നെക്സ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കാനാണ് തീരുമാനം.

നിലവില്‍ കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്കില്‍ ഏകദേശം 3.2 ലക്ഷം യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 4 ലക്ഷം യൂണിറ്റായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ഡിസംബറില്‍ മൊത്ത വില്‍പ്പനയില്‍ 9% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest