First Gear
ഇക്കോയ്ക്ക് എയര്‍ബാഗുകളുമായി മാരുതി; വിലയും വര്‍ധിപ്പിച്ചു
മൂന്ന് നിരകളുള്ള വാഹനത്തില്‍ പാസഞ്ചര്‍ എയര്‍ബാഗുകള്‍ ഘടിപ്പിച്ചതാണ് വില കൂടാന്‍ കാരണം. 8,000 രൂപ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| മാരുതി സുസുക്കി ജനപ്രിയ ഏഴ് സീറ്റര്‍ വാന്‍ ഇക്കോയുടെ എല്ലാ നോണ്‍-കാര്‍ഗോ വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചു. മൂന്ന് നിരകളുള്ള വാഹനത്തില്‍ പാസഞ്ചര്‍ എയര്‍ബാഗുകള്‍ ഘടിപ്പിച്ചതാണ് വില കൂടാന്‍ കാരണം. പാസഞ്ചര്‍ എയര്‍ബാഗുകള്‍ ചേര്‍ത്തതോടെ മാരുതി ഇക്കോയുടെ വില 8,000 രൂപ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇക്കോയുടെ എക്സ്‌ഷോറൂം വില ഇപ്പോള്‍ 4.3 ലക്ഷം രൂപയായി.
മാരുതിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മൈക്രോ വാന്‍ വിഭാഗത്തില്‍ വേഴ്‌സയ്ക്ക് പകരക്കാരനായി 10 വര്‍ഷം മുമ്പാണ് ഇക്കോ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. ഇക്കോ അടുത്തിടെ 7 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 2010 ജനുവരിയിലാണ് ഇക്കോ വിപണിയിലെത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഇക്കോയാണെന്നാണ് കണക്കുകള്‍.
മൂന്ന് കാര്‍ഗോ വേരിയന്റുകളിലും നാല് പാസഞ്ചര്‍ വേരിയന്റുകളിലും ഒരു ആംബുലന്‍സ് വേരിയന്റുകളിലുമാണ് മാരുതി ഇക്കോ വാന്‍ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഇക്കോയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മിന്റെ എക്‌സ്-ഷോറൂം വില 7.29 ലക്ഷം രൂപ വരെയാണ്. ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഇക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഈ വാഹനം ആശ്രയിക്കുന്നതെന്നാണ് മാരുതിയുടെ വാദം.
രാജ്യത്തെ പുതുക്കിയ സുരക്ഷാ മലീനികരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കിയ ഇക്കോയെ മാര്‍ച്ചിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുള്ളത്.