First Gear
വെസ്റ്റേണ്‍ ഇവി മോഡല്‍ ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍
ഇന്ത്യന്‍ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകള്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്.

ന്യൂഡല്‍ഹി| രാജ്യത്ത് വര്‍ധിച്ചു വരുന്ന മലിനീകരണത്തിന്റെ തോത് തടയുന്നതിനാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രശ്നത്തിന് ഇത് ഏറ്റവും പ്രായോഗികമായ പരിഹാരമായിരിക്കില്ലെന്നാണ് നിരവധി വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഈ ചിന്ത പങ്കുവെക്കുന്ന ചുരുക്കം ചില വിദഗ്ധരില്‍ ഒരാളാണ്. രാജ്യത്ത് ഇവി അഡോപ്ഷന്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മികച്ച പരിഹാരമായിരിക്കില്ല ഇലക്ട്രിക് മൊബിലിറ്റിയെന്നും, വെസ്റ്റേണ്‍ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവി മോഡല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മുന്‍ സിഇഒയും എംഎസ്‌ഐഎല്‍ന്റെ നിലവിലെ ചെയര്‍മാനുമായ ഡോ. ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യന്‍ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകള്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാല്‍ അവിടുത്തെ പദ്ധതികള്‍ ഇവിടെ ആവര്‍ത്തിക്കുന്നത് പരിവര്‍ത്തനത്തിലേക്ക് പോകാനുള്ള ശരിയായ മാര്‍ഗമല്ലെന്നാണ് ഭാര്‍ഗവയുടെ അഭിപ്രായം. യൂറോപ്പ് യുഎസ്എ ഉള്‍പ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വളരെ വ്യത്യസ്തമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഒരു അഭിമുഖത്തില്‍ ഭാര്‍ഗവയോട് എന്തിനാണ് ഇവികള്‍ എമിഷനുകള്‍ കുറയ്ക്കുന്നതിനുള്ള കാര്യമായ ഫലങ്ങള്‍ നല്‍കാത്തതെന്ന് താന്‍ വിശ്വസിക്കുന്നത് എന്ന് ചോദിച്ചതിന്, രാജ്യത്ത് ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 75 ശതമാനവും ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യ കല്‍ക്കരി ഉപയോഗിച്ചുള്ള താപ നിലയങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. അതിനാല്‍, ഇത്തരത്തില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നതിലൂടെയും ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ കുറവ് സാധാരണയായി കരുതുന്നതിനേക്കാള്‍ വളരെ കുറവാണ്, ഈ സാഹചര്യങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ ക്ലീന്‍ കാറുകളല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് സിഎന്‍ജികള്‍, ബയോ-സിഎന്‍ജികള്‍, എഥനോള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നീ ബദല്‍ ഫ്യുവല്‍ വാഹനങ്ങളിലേക്ക് രാജ്യം ശ്രദ്ധ തിരിച്ചുവിടണമെന്നും ഭാര്‍ഗവ പറഞ്ഞു. സിഎന്‍ജി വാഹനങ്ങള്‍ മറ്റു ഫോസില്‍ ഫ്യുവല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് സ്വീകാര്യമായ ബദലാണെങ്കിലും, സിഎന്‍ജി വാഹനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു പ്രോത്സാഹനവുമില്ലെന്ന് ഭാര്‍ഗവ വ്യക്തമാക്കി. ഉയര്‍ന്ന മലിനീകരണം ഉണ്ടാക്കുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളെപ്പോലെ തന്നെയാണ് സിഎന്‍ജി കാറുകള്‍ക്കും നികുതി ചുമത്തിയിരിക്കുന്നതെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.