First Gear
മാരുതി സുസുക്കി ഡിസയറിന് വില കൂടി
നിലവിൽ വേരിയന്‍റുകൾക്കനുസരിച്ച്10,000 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്.

ബെംഗളുരു|അടുത്തിടെ മാരുതി സുസുക്കി പുറത്തിറക്കിയ ഡിസയറിന് വില കൂട്ടി. തങ്ങളുടെ മോഡലുകൾക്ക് വില വർദ്ധനവ് ഉണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകൾക്ക് വിലയിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു തുടങ്ങി. ഡിസയറും ഇതിൽ ഉൾപ്പെടും. 2024 നവംബറിലാണ് പരിഷ്‌കരിച്ച ഡിസയർ കമ്പനി പുറത്തിറക്കിയത്. 6.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ കോംപാക്റ്റ് സെഡാൻ വിപണിയിൽ എത്തിച്ചിരുന്നത്. നിലവിൽ വേരിയന്‍റുകൾക്ക് അനുസരിച്ച് 10,000 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്.
മാരുതി സുസുക്കി ഡിസയർ നാല് ട്രിം ലെവലുകളിലാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. LXi, VXi, ZXi, ZXi പ്ലസ്. ഇതിൽ, VXi AMT, ZXi AMT വേരിയന്‍റുകൾക്ക് 10,000 രൂപ വില കൂടിയിട്ടുണ്ട്. ഇതോടൊപ്പം, ZXi ZXi+ AMT, ZXi CNG MT, VXi CNG MT, VXi MT, LXi MT എന്നിവയ്ക്ക് 5,000 രൂപയുടെ വില വർധനവാണുള്ളത്.
മാരുതി സുസുക്കി ഡിസയറിന്‍റെ മുൻ പതിപ്പിലെ സ്വിഫ്റ്റിന്‍റെ രൂപകൽപ്പനയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് പുതിയ ഡിസയർ. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ ഇന്‍റീരിയറുകൾ, ഓട്ടോ-ഫോൾഡ് ORVM-കൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്‍റുകൾ, ആറ് എയർബാഗുകൾ, TPMS, EBD ഉള്ള ABS, ഹിൽ ഹോൾഡുള്ള ESP, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം ആൻഡ്രോയിഡ് ഓട്ടോയെ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം തുടങ്ങിയവ വാഹനത്തിന്‍റെ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
പുതുതലമുറ സ്വിഫ്റ്റിൽ കാണുന്ന അതേ നവീകരിച്ച Z12E എഞ്ചിനാണ് ഉപയോഗിക്കുന്നത്. 82 കുതിരശക്തി പരമാവധി ഉത്പാദിപ്പിക്കുകയും 112 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന 3-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിലുള്ളത്. മാനുവൽ ട്രാൻസ്മിഷനിൽ 24.79 കിലോമീറ്റർ, AMT ട്രാൻസ്മിഷനിൽ 25.71 കിലോമീറ്റർ, CNG-യിൽ 33.73 കിലോമീറ്റർ എന്നിങ്ങനെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്.