Connect with us

First Gear

2022 മോഡല്‍ വാഗണ്‍ ആര്‍ അവതരിപ്പിച്ച് മാരുതി സുസുക്കി

2022 വാഗണ്‍ ആറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 5.40 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ജനുവരിയില്‍ സെലേറിയോയിലൂടെ പുതിയ ശ്രേണിക്ക് തുടക്കമിട്ട കമ്പനി കഴിഞ്ഞ ദിവസം ബലേനോ ഫെയ്സ് ലിഫ്റ്റും പുറത്തിറക്കി. ഇപ്പോള്‍ വാഗണ്‍ ആറിന്റെ ഫെയ്സ് ലിഫ്റ്റ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ 2022 വാഗണ്‍ ആറിന്റെ 1.0 ലിറ്റര്‍ ബേസ് പെട്രോള്‍ മാനുവല്‍ വേരിയന്റിന് 5.40 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില. അതേസമയം ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഎംടി ഓട്ടോമാറ്റിക് ടോപ്പ് എന്‍ഡ് വേരിയന്റിന് 7.10 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

പുതിയ വാഗണ്‍ ആറിന് രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ മാരുതി സുസുക്കി നല്‍കിയിട്ടുണ്ട്. ഗാലന്റ് റെഡ്, മാഗ്മ ഗ്രേ എന്നിവയാണ് വാഗണ്‍ ആറിലേക്ക് കൂട്ടിച്ചേര്‍ത്ത പുതിയ നിറങ്ങള്‍. ബ്ലാക്ക്ഡ് ഔട്ട് റൂഫ്, ഒആര്‍വിഎം, പില്ലറുകള്‍ എന്നിവയുള്ള ഫ്േളാട്ടിംഗ് റൂഫ് ഡിസൈനാണ് ഇവയ്ക്കുള്ളത്. വലിപ്പത്തിന്റെ കാര്യത്തില്‍ പുതിയ വാഗണ്‍ ആറും നിലവിലെ മോഡലിന് സമാനമായിരിക്കും. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ നോക്കുകയാണെങ്കില്‍ 2019-ല്‍ പരീക്ഷിച്ച വാഗണ്‍ ആര്‍ മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 2-സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 2-സ്റ്റാര്‍ റേറ്റിംഗുമാണ് സ്വന്തമാക്കിയത്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എല്ലാ വേരിയന്റുകളിലും ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് പുതിയ വാഗണ്‍ ആര്‍ വാഗ്ദാനം ചെയ്യുന്നത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിംഗിലൂടെ അപ്ഡേറ്റ് ചെയ്ത വേരിയന്റ് ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം.

നിലവിലെ രൂപത്തില്‍ 1.0 ലിറ്റര്‍ കെ10ബി, 1.2 ലിറ്റര്‍ കെ12എം എഞ്ചിനുകളാണ് വാഗണ്‍ആര്‍ വാഗ്ദാനം ചെയ്യുന്നത്. ചെറിയ ശേഷിയുള്ള യൂണിറ്റ് 67 ബിഎച്ച്പി കരുത്തില്‍ 90 എന്‍എം ടോര്‍ഖ് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 82 ബിഎച്ച്പി കരുത്തില്‍ 113 എന്‍എം ടോര്‍ഖ് വരെ വികസിപ്പിക്കാന്‍ പ്രാപ്തമാണ്. എന്നാല്‍ പുതിയ വാഗണ്‍ ആറിന് പുതുതലമുറ കെ10സി, കെ12എന്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. ഇവ രണ്ടും ഡ്യുവല്‍ ജെറ്റ്, എഞ്ചിന്‍ ഐഡിള്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള ഡ്യുവല്‍ വിവിടി യൂണിറ്റാണ്. പുതുക്കിയ എഞ്ചിന്‍ 25.19 കിലോമീറ്ററിന്റെ മെച്ചപ്പെട്ട ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് നിലവിലെ യൂണിറ്റുകളേക്കാള്‍ കൂടുതലാണ്.

 

Latest