First Gear
ഗുജറാത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
2025 ഓടെ ഒരു വാഹന റീസൈക്ലിംഗ് പ്ലാന്റും സ്ഥാപിക്കുമെന്നാണ് വിവരം.
ന്യൂഡല്‍ഹി| ഗുജറാത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നു. മാരുതി സുസുക്കി അടുത്തിടെ സമര്‍പ്പിച്ച ഒരു റെഗുലേറ്ററി അനുസരിച്ച്, സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനായി കാര്‍ നിര്‍മ്മാതാവ് ഗുജറാത്ത് സംസ്ഥാനവുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 150 ബില്യണ്‍ യെന്‍ (10,400 കോടിയിലധികം) മുതല്‍മുടക്കില്‍, 2025-ഓടെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള ഉല്‍പ്പാദനശേഷി വിപുലപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതിനുശേഷം നിലവിലുള്ള ഗുജറാത്ത് സൗകര്യത്തോട് ചേര്‍ന്ന് ബിഇവി ബാറ്ററികള്‍ക്കായി ഒരു പ്ലാന്റ് നിര്‍മ്മിക്കും. 2025 ഓടെ ഒരു വാഹന റീസൈക്ലിംഗ് പ്ലാന്റും സ്ഥാപിക്കുമെന്നാണ് വിവരം.
ഇവികളും ബാറ്ററികളും നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ മാരുതി സുസുക്കി ഫാക്ടറിയിലേക്ക് 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സുസുക്കി മോട്ടോര്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.