National
മേരികോം ഇന്ത്യൻ ഒളിംപിക്സ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രാജിവെച്ചു
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മേരി കോം
ന്യൂഡൽഹി | പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് ലോക ബോക്സിംഗ് ഇതിഹാസം എം സി മേരി കോം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അവർ അറിയിച്ചു. മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും അവരുടെ തീരുമാനം മാനിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ( ഐ ഒ എ ) പ്രസിഡൻ്റ് പി ടി ഉഷ അറിയിച്ചു.
എൻ്റെ രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഈ സ്ഥാനം ഒരു ബഹുമതിയായി കരുതുന്നുവെന്നും താൻ അതിന് മാനസികമായി തയ്യാറായിരുന്നുവെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കേണ്ടി വരികയാണെന്നും മേരി കോം ഉഷയ്ക്ക് അയച്ച കത്തിൽ അറിയിച്ചു. ഉത്തരവാദിത്വം ഒഴിയുന്നിതൽ ഖേദമുണ്ടെന്നും 41കാരിയായ മേരികോം വ്യക്തമാക്കി.
പ്രതിബദ്ധതയിൽ നിന്ന് പിന്മാറുന്നത് ലജ്ജാകരമാണ്. ഞാൻ വളരെ അപൂർവമായി മാത്രമേ അത് ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് മറ്റൊരു മാർഗവുമില്ല. എൻ്റെ രാജ്യത്തെയും ഈ ഒളിമ്പിക്‌സിൽ മത്സരിക്കുന്ന കായികതാരങ്ങളെയും പിന്തുണക്കാൻ താൻ അവിടെ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഒളിമ്പിക് മെഡൽ ജേതാവും ഐഒഎ അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്‌സണുമായ മേരി കോം വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞതിൽ ദുഃഖമുണ്ടെന്ന് പി ടി ഉഷ പ്രതികരിച്ചു. അവരുടെ തീരുമാനത്തെയും സ്വകാര്യതയെയും മാനിക്കുന്നുവെന്നും അവർ പറഞ്ഞു.
മാർച്ച് 21നാണ്, ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സർ എംസി മേരി കോമിനെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ ടീമിന്റെ നായക സ്ഥാനത്തേക്ക് (ഷെഫ് ദേ മിഷൻ) തിരഞ്ഞെടുത്തത്.