Kerala
മസാല ബോണ്ട് കേസ്; തോമസ് ഐസക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം|കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ച നടപടിക്കെതിരെ മുന്‍ മന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമന്‍സ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് ഇ ഡി നടപടിയെന്നുമാണ് ഇരുവരുടെയും ഹരജിയില്‍ പറയുന്നത്. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതി അറിയിച്ചത്.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് അഞ്ച് തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഇല്ലാതാക്കാന്‍ തോമസ് ഐസക് അടക്കമുള്ള എതിര്‍കക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.